പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി (Bihar CM) നിതീഷ് കുമാര്‍ (Nitish Kumar) പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ സുരക്ഷ വീഴ്‌ച. പട്‌നയിലെ ഗാന്ധി മൈതാനില്‍ (Gandhi Maidan) നടന്ന സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെയാണ് സുരക്ഷ വീഴ്‌ചയുണ്ടായത്. ചടങ്ങിനിടെ 26 കാരനായ നിതീഷ് കുമാര്‍ എന്ന യുവാവാണ് അതീവ സുരക്ഷ മേഖലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സര്‍ക്കാര്‍ ജോലിയാണ് തന്‍റെ ആവശ്യമെന്ന് വ്യക്തമാക്കുന്ന പോസ്റ്ററും ഇയാളുടെ കൈവശമുണ്ടായിരുന്നു. ബിഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ ഗാന്ധി മൈതാനില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം വേദിയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു യുവാവ് ഇവിടേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്നാണ് ഇയാളെ അവിടെ നിന്നും മാറ്റാന്‍ സാധിച്ചത്.
ബിഹാര്‍ മിലിട്ടറി പൊലീസ് ഉദ്യോഗസ്ഥനായിരുന്നു 26കാരനായ നിതീഷ് കുമാറിന്‍റെ പിതാവ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാളുടെ അച്ഛന്‍ ഡ്യൂട്ടിക്കിടെ മരണപ്പെട്ടത്. ഈ സാഹചര്യത്തില്‍ തനിക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിതീഷ് കുമാര്‍ സ്വാതന്ത്ര്യ ദിനാഘോഷ വേദിയിലേക്ക് എത്തിയത്.
മുൻഗർ സ്വദേശിയാണ് ഇയാളെന്ന് പട്‌ന ജില്ല മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിങ് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി. ഡ്യൂട്ടിക്കിടെ അച്ഛന്‍ മരണപ്പെട്ടതുകൊണ്ട് തന്നെ തനിക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് യുവാവിന്‍റെ വാദം. ഇക്കാരണം കൊണ്ടാണ് അയാള്‍ മുഖ്യമന്ത്രിയെ കാണാനെത്തിയതെന്നും ചന്ദ്രശേഖര്‍ സിങ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി: രാജ്യം ഇന്ന് എഴുപത്തിയേഴാം സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നത്. ചെങ്കോട്ടയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ആഘോഷ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തത്. രാജ്‌ഘട്ടിലെ പുഷ്‌പാര്‍ച്ചനയ്‌ക്ക് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്.
ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിച്ച അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ധീരഹൃദയര്‍ക്ക് ആദരാഞ്ജലിയും അര്‍പ്പിച്ചിരുന്നു. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന എന്നീ പ്രമുഖര്‍ ചേര്‍ന്നായിരുന്നു സ്വീകരിച്ചത്. തുടര്‍ന്ന് കരസേന, വ്യോമസേന, നാവിക സേന, ഡൽഹി പൊലീസ് സേനകളിലെ ഉദ്യോഗസ്ഥരില്‍ നിന്നും ഗാര്‍ഡ് ഓഫ് ഓണറും പ്രധാനമന്ത്രി സ്വീകരിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കായി കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച മുതല്‍ തന്നെ രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട എന്നീ മേഖലകളില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, പതിനായിരത്തോളം സുരക്ഷ ഉദ്യോഗസ്ഥരെയും മേഖലയില്‍ വിന്യസിച്ചിരുന്നു.