നാഗ്‌പൂർ (മഹാരാഷ്‌ട്ര): മിന്‍കോൺ (MINCON) കോൺഫറൻസിൽ സംസാരിക്കവെ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. രാജ്യത്തുടനീളം ലക്ഷക്കണക്കിന് കോടി രൂപയുടെ ഹൈവേകളും റോഡുകളും താന്‍ നിര്‍മിച്ചു എന്നും എന്നാൽ തന്‍റെ വീടിന് മുന്നിൽ രണ്ട് കിലോമീറ്റർ ദൂരമുള്ള റോഡ് കഴിഞ്ഞ 11 വർഷമായി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'കഴിഞ്ഞ 11 വർഷത്തിനിടെ 30 യോഗങ്ങൾ നടന്നെങ്കിലും എന്‍റെ വീടിന് മുന്നിലെ റോഡ് ഇതുവരെ പൂര്‍ത്തിയാക്കാനായില്ല. ആ ഉദ്യോഗസ്ഥർ ഇന്ന് എന്‍റെ മുന്നിൽ വരുമ്പോൾ അവരുടെ മുഖം കാണുമ്പോൾ എനിക്ക് ലജ്ജ തോന്നാറുണ്ട്'.
'കാര്യങ്ങള്‍ വ്യക്തതയോടെ സംസാരിക്കുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. പക്ഷേ ഇങ്ങനെ തുടര്‍ന്നാല്‍ രാജ്യം എങ്ങനെ വികസിക്കും. കാര്യങ്ങൾ സത്യസന്ധമായും സുതാര്യമായും ചെയ്യാൻ കഴിയുന്ന ആളുകളെയാണ് ഞാൻ ഇഷ്‌ടപ്പെടുന്നത്', കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
തഡോബയിൽ വനം ഉള്ളതിനാൽ ഉംരെദിലെ കൽക്കരി ഖനികൾ അടച്ചിടുകയാണ്. നാഗ്‌പൂരിലെ ഉംരെദ് ജില്ലയ്ക്ക് സമീപം ഒരു കടുവ പോലും വന്നിട്ടില്ല, എന്നിട്ടും കൽക്കരി ഖനി അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ട്, ഗഡ്‌കരി പറഞ്ഞു.
'നമ്മുടെ നാട്ടിൽ ഇതൊരു വിരോധാഭാസമാണ്. ഒരാൾ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകും, മറ്റൊരാൾ അത് പിന്നോട്ട് വലിക്കും. ഒരാൾ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു, മറ്റൊരാൾ അത് നിർത്തലാക്കുന്നു', അദ്ദേഹം പറഞ്ഞു. ഏത് പ്രോജക്റ്റിനും അംഗീകാരം നൽകുന്നതിന് നിശ്ചിത സമയപരിധി വേണമെന്നും കേന്ദ്രമന്ത്രി ആഹ്വാനം ചെയ്‌തു.