നാഗ്‌പൂർ : സൂറത്തിലെ വിമത ക്യാമ്പിൽ നിന്ന്, ശിവസേന എംഎൽഎ നിതിൻ ദേശ്‌മുഖ്, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തിരികെ മഹാരാഷ്‌ട്രയിലേക്കെത്തി. തന്നെ ഒരുകൂട്ടം ആളുകൾ ചേർന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് തട്ടിക്കൊണ്ട് പോവുകയായിരുന്നെന്നും അവിടെ നിന്ന് രക്ഷപ്പെട്ടാണ് താൻ ഇവിടെയെത്തിയതെന്നും നിതിൻ ദേശ്‌മുഖ് അവകാശപ്പെട്ടു.
'പുലർച്ചെ മൂന്ന് മണിയോടെ രക്ഷപ്പെട്ട് ഞാൻ റോഡിലെത്തി. ഇതിനിടെ എന്നെ പിന്തുടർന്ന നൂറോളം വരുന്ന പൊലീസ് സംഘം എനിക്ക് ഹൃദയാഘാതമുണ്ടെന്ന് കാണിച്ച് ബലമായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എനിക്ക് ശസ്‌ത്രക്രിയ നടത്താനും കുത്തിവയ്‌പ്പുകൾ എടുക്കാനും അവർ ശ്രമിച്ചു. എന്നാൽ ഭാഗ്യം കൊണ്ട് എനിക്കൊന്നും സംഭവിച്ചില്ല' - നിതിൻ ദേശ്‌മുഖ് പറഞ്ഞു.
33 ഓളം എംഎൽഎമാർക്കൊപ്പം നഗരത്തിലെ ഒരു ഹോട്ടലിൽ ക്യാമ്പ് ചെയ്‌ത വിമത മന്ത്രി ഏക്‌നാഥ് ഷിൻഡെയെ കാണാനാണ് നിതിൻ ദേശ്‌മുഖ് സൂറത്തിലേക്ക് പോയത്. ശിവസേന എംഎൽഎ കൈലാഷ് പാട്ടീലും ദേശ്‌മുഖിനൊപ്പം സൂറത്തിലെത്തിയിരുന്നു. എന്നാൽ തനിക്ക് വിമത നീക്കത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും താൻ എപ്പോഴും ഉദ്ധവ് താക്കറെയ്‌ക്കൊപ്പമാണെന്നും നിതിൻ ദേശ്‌മുഖ് വ്യക്തമാക്കി.