ന്യൂഡൽഹി : നിതി ആയോഗ് സുസ്ഥിര വികസന സൂചികയുടെ മൂന്നാം പതിപ്പിലും ഒന്നാം സ്ഥാനം നേടി കേരളം. കഴിഞ്ഞ രണ്ട് തവണയും സംസ്ഥാനം ഒന്നാമതായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ച് പോയിന്‍റ് മെച്ചപ്പെടുത്തിയാണ് കേരളം ഈ നേട്ടം കരസ്ഥമാക്കിയത്. 75 പോയിന്‍റാണ് സംസ്ഥാനത്തിന് ലഭിച്ചത്. 52 പോയിന്‍റുമായി ബിഹാർ ആണ് പട്ടികയിൽ ഏറ്റവും പുറകിൽ.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക ഘടകങ്ങളിലെ പുരോഗതി വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. 2018 ലാണ് സുസ്ഥിര വികസന സൂചിക റിപ്പോർട്ട് ആരംഭിച്ചത്. 69 പോയിന്‍റ് നേടിയാണ് കേരളം അന്ന് ഒന്നാമതെത്തിയത്. 2019ൽ സംസ്ഥാനത്തിന്‍റെ പോയിന്‍റ് 70 ആയി. ദാരിദ്ര്യ നിർമാര്‍ജനം, വിശപ്പ് രഹിത സംസ്ഥാനം, വിദ്യാഭ്യാസ നിലവാരം തുടങ്ങി വിവിധ മേഖലകളിലും കേരളം ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടി.
READ MORE: സംസ്ഥാനത്ത് കാലവര്‍ഷം എത്തി ; ജാഗ്രതാനിര്‍ദേശങ്ങള്‍ ഇങ്ങനെ
ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് നിതി ആയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. 16 വിഷയങ്ങളിലെ നേട്ടങ്ങള്‍ നിതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ പരിഗണിച്ചു. 74 പോയിന്‍റ് വീതം നേടിയ ഹിമാചൽ പ്രദേശും തമിഴ്‌നാടും കേരളത്തിന് താഴെ രണ്ടാം സ്ഥാനം പങ്കിട്ടു. 56 പോയിന്‍റ് നേടിയ ജാര്‍ഖണ്ഡ്, 57 പോയിന്‍റ് നേടിയ അസം എന്നീ സംസ്ഥാനങ്ങൾ പട്ടികയുടെ അവസാന സ്ഥാനങ്ങളിൽ ബിഹാറിന് തൊട്ടുമുകളിലായി ഇടംപിടിച്ചു.
കേന്ദ്രഭരണ പ്രദേശങ്ങളിൽ 79 പോയിന്‍റുമായി ചണ്ഡീഗഡ് ഒന്നാം സ്ഥാനം നിലനിർത്തി. മിസോറാം, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ 2019നെ അപേക്ഷിച്ച് 2020-21കാലയളവിൽ യഥാക്രമം 12, 10, 8 എന്നിങ്ങനെ പോയിന്‍റുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.