ന്യൂഡല്‍ഹി: മുംബൈയില്‍ നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (എൻഎസ്‌ഡിഎൽ) രജതജൂബിലി ആഘോഷ വേദിയില്‍ സംസാരിക്കുകയായിരുന്നു എൻഎസ്‌ഡിഎൽ മാനേജിംഗ് ഡയറക്‌ടർ പദ്‌മജ ചുന്തുരു. പ്രസംഗത്തിനിടെ സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട പദ്‌മജ അടുത്തു നിന്ന ആളോട് കുടിക്കാന്‍ അല്‍പ്പം വെള്ളം ആവശ്യപ്പെട്ടു. പ്രസംഗത്തില്‍ തടസം നേരിട്ടതില്‍ ക്ഷമ ചോദിച്ച് അവര്‍ വീണ്ടും പ്രസംഗം തുടര്‍ന്നു.
വേദിയില്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുന്ന പദ്‌മജക്ക് നേരെ വെള്ളത്തിന്‍റെ കുപ്പിയുമായി എത്തിയത് സാക്ഷാല്‍ ധനമന്ത്രി നിർമല സീതാരാമൻ. തനിക്ക് നേരെ കുപ്പിയും നീട്ടി നില്‍ക്കുന്ന വിവിഐപിയെ കണ്ട് പദ്‌മജ അത്ഭുതപ്പെട്ടു. പദ്‌മജക്ക് കുടിവെള്ളത്തിന്‍റെ കുപ്പി തുറന്ന് കൊടുത്തിട്ടാണ് മന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങിയത്.
അതിനിടെ മന്ത്രിയെ പ്രശംസിച്ച് പല പ്രമുഖരും രംഗത്തു വരികയും ചെയ്‌തു. കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സംഭവം ട്വീറ്റ് ചെയ്‌തിട്ടുണ്ട്. പദ്‌മജ ചുന്തുരുവിന് വെള്ളം നല്‍കുന്ന ധനമന്ത്രിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.