അമരാവതി: 'ജോലിക്കൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്‌ത് വന്‍ തുക സമ്പാദിക്കണോ എങ്കില്‍ ബന്ധപ്പെടുക'....'ഒഴിവ് സമയങ്ങളില്‍ ധാരാളം സമ്പാദിക്കാം അവസരമിതാ'..... തുടങ്ങി നിരവധി പരസ്യങ്ങളും നോട്ടീസുകളുമെല്ലാം ദിവസവും കാണുന്നവരാണ് നമ്മള്‍. അത്തരത്തിലുള്ള പരസ്യത്തെ പിന്തുടര്‍ന്ന സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ യുവതിക്ക് നഷ്‌ടമായത് 19 ലക്ഷം രൂപ.
ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഏതാനും ദിവസമായി വിജയവാഡ നഗരത്തില്‍ ഇത്തരം പരസ്യ ബോര്‍ഡുകള്‍ സജീവമാണ്. എന്നാല്‍ ഇതൊന്നുമല്ല യുവതിയെ കെണിയിലാക്കിയത്. മറിച്ച് സ്വന്തം മൊബൈല്‍ ഫോണില്‍ ലഭിച്ച ഒരു ചെറിയ സന്ദേശമാണ്. പാര്‍ട്ട് ടൈം ജോലി ചെയ്‌ത് ധാരാളം പണം സമ്പാദിക്കാം...താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക. ഇതായിരുന്നു ആ സന്ദേശത്തിന്‍റെ ഉള്ളടക്കം.
വിജയവാഡയിലെ ഒരു ടെക് കമ്പനിയിലെ ജോലിക്കാരിയായ യുവതി പാര്‍ട്ട് ടൈം ജോലിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സന്ദേശത്തിനൊപ്പം നല്‍കിയ നമ്പറില്‍ ബന്ധപ്പെട്ടു. ജോലിയുടെ വിശദാംശങ്ങളെല്ലാം തിരക്കിയപ്പോള്‍ യൂട്യൂബില്‍ വരുന്ന വീഡിയോകള്‍ക്ക് ലൈക്ക് അടിച്ചാല്‍ മാത്രം മതിയെന്നും ഓരോ ലൈക്കിനും നിശ്ചിത തുക വച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തുമെന്ന് അറിയിച്ചു.
സോഫ്‌റ്റ്‌വെയര്‍ കമ്പനിയിലെ ജോലിക്കൊപ്പം കൂടുതല്‍ വരുമാനം നേടാന്‍ ആ ജോലി സഹായകമാകുമെന്ന് ചിന്തിച്ച യുവതി ജോലി ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഉടന്‍ തന്നെ ബാങ്ക് അക്കൗണ്ട് നമ്പറും മറ്റ് വിശദാംശങ്ങളുമെല്ലാം കൈമാറി. പാര്‍ട്ട് ടൈം ജോലിയിലെ പരീക്ഷണമെന്ന നിലയില്‍ ആദ്യം മൂന്ന് വീഡിയോകള്‍ക്ക് യുവതി ലൈക്ക് അടിച്ചു. ഉടന്‍ തന്നെ യുവതിയുടെ അക്കൗണ്ടിലേക്ക് 150 രൂപ ക്രെഡിറ്റ് ചെയ്യപ്പെട്ടു. ഇതിന് പിന്നാലെ ആറ് വീഡിയോയ്‌ക്ക് കൂടി യുവതി ലൈക്ക് അടിച്ചു. ഇതോടെ അക്കൗണ്ടിലേക്ക് 300 രൂപ ക്രെഡിറ്റ് ചെയ്യപ്പെട്ടു.
ജോലി ചെയ്‌താല്‍ കൃത്യമായി പണം ലഭിക്കുന്നുണ്ടെന്ന് യുവതി തെറ്റിദ്ധരിച്ചു. അപ്പോഴേക്കും യുവതിയ്ക്ക് അതേ നമ്പറില്‍ നിന്ന് മറ്റൊരു സന്ദേശം കൂടി ലഭിച്ചു. പ്രീപെയ്‌ഡായി പണമടച്ചാല്‍ ജോലി സ്ഥിരപ്പെടുമെന്നായിരുന്നു ആ സന്ദേശം. മാത്രമല്ല സന്ദേശത്തിനൊപ്പം ബാങ്ക് അക്കൗണ്ട് നമ്പര്‍ കൂടിയുണ്ടായിരുന്നു.
മറിച്ചൊന്നും ചിന്തിക്കാതെ യുവതി ഉടന്‍ തന്നെ സന്ദേശത്തിനൊപ്പമുണ്ടായിരുന്ന അക്കൗണ്ട് നമ്പറിലേക്ക് 1000 രൂപ നിക്ഷേപിച്ചു. ഉടന്‍ തന്നെ യുവതിയുടെ അക്കൗണ്ടില്‍ 1600 രൂപയായി തിരിച്ചെത്തി. ജോലിയില്‍ വിശ്വാസം അര്‍പ്പിച്ച യുവതി അവസാനം 19 ലക്ഷം രൂപ തവണകളായി ഈ അക്കൗണ്ടിലേക്ക് കൈമാറി. എന്നാല്‍ നല്‍കിയ പണത്തിന് ഇരട്ടിയായി തിരികെ ലഭിക്കണമെങ്കില്‍ 12,95,000 രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് സന്ദേശം ലഭിച്ചു. എന്നാല്‍ അത്രയും തുക ഒറ്റ തവണയായി കൈമാറാന്‍ യുവതിയുടെ കൈവശമുണ്ടായിരുന്നില്ല.
നല്‍കിയ 19 ലക്ഷം രൂപയ്‌ക്ക് പകരമായി യുവതിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കപ്പെട്ടതായി കാണിക്കുന്നുണ്ടെങ്കിലും അത് പിന്‍വലിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചതോടെയാണ് 12,95,000 ലക്ഷം രൂപ നല്‍കിയാല്‍ ക്രെഡിറ്റായെന്ന് കാണിക്കുന്ന തുക പൂര്‍ണമായും പിന്‍വലിക്കാനാകുമെന്ന് സന്ദേശം ലഭിച്ചത്. അല്ലാത്തപക്ഷം അടച്ച പണം തിരികെ നല്‍കാന്‍ സാധിക്കില്ലെന്നും സന്ദേശം ലഭിച്ചു. ഇതോടെ താന്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അമരാവതി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.