ബെംഗളൂരു: കര്‍ണാടകയിലെ ഉടുപ്പിക്ക് സമീപം അറബിക്കടലില്‍ കുടുങ്ങിയ രക്ഷാപ്രവർത്തകരെ ഇതുവരെ തിരിച്ചെത്തിക്കാനായിട്ടില്ല.കൊറൊമണ്‍ഡല്‍ സപ്പോര്‍ട്ടര്‍ തങ്ക്‌ബോട്ടിലെ ഒന്‍പത് അംഗങ്ങളാണ് കടലില്‍ കുടുങ്ങിയത്. മെയ് 14ന് രാത്രിയോടെ തീരത്തടുക്കേണ്ട ബോട്ടാണ് കടലില്‍ കുടുങ്ങിയത്. മെയ് 15ന് ശേഷം ബോട്ടുമായുണ്ടായിരുന്ന ബന്ധം വിഛേദിക്കപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ടൗട്ടെ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം ദുസഹമായെന്നും രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും സംസ്ഥാന ദുരന്തനിവാരണ സേന അധികൃതര്‍ അറിയിച്ചു. കടല്‍ പ്രക്ഷുബ്‌ദമായതോടെ ഹെലിക്കോപ്‌റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം സാധ്യമല്ല. ഐഎന്‍എസ് വരാഹിനെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ബോട്ടിലുള്ളവര്‍ക്ക് മതിയായ ഭക്ഷണവും വെള്ളവും ലൈഫ് ജാക്കറ്റും ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളുണ്ട്. ഇന്ത്യന്‍ നേവി ഡിജി, കോസ്റ്റ്ഗാര്‍ഡ്, എന്‍എംപിടി, എംആര്‍പിഎല്‍, കോസ്റ്റല്‍ പൊലീസ് എന്നിവരുമായി ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തി. ടൗട്ടെ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ജില്ലാ ഭരണകൂടത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.