'വാത്തി', 'വിരുപക്ഷ' എന്നിവയ്ക്ക് ശേഷമുള്ള സംയുക്തയുടെ ചിത്രമാണ് 'സ്വയംഭൂ'. ഭരത് കൃഷ്‌ണമാചാരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ നടന്നു. സിനിമയിലെ മുഴുവൻ താരങ്ങള്‍ക്കും അണിയറപ്രവർത്തകര്‍ക്കും ഒപ്പം മറ്റ് വിശിഷ്‌ട അതിഥികളും ചടങ്ങില്‍ പങ്കെടുത്തു.
സിനിമയുടെ ചിത്രീകരണത്തിനും തുടക്കമായി. ഹിസ്‌റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കുക. 'കാർത്തികേയ 2'യിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നിഖിൽ സിദ്ധാര്‍ഥയാണ് നായകന്‍. നിഖില്‍ സിദ്ധാര്‍ഥയുടെ 20-ാമത്തെ ചിത്രം കൂടിയാണ് 'സ്വയംഭൂ'.
പൂജയ്‌ക്ക് പിന്നാലെ സിനിമയുടെ ടൈറ്റില്‍ പോസ്‌റ്ററും, ഫസ്‌റ്റ് ലുക്കും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'സ്വയംഭൂ' ഫസ്‌റ്റ് ലുക്കിനും ടൈറ്റില്‍ പോസ്‌റ്ററിനും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തിലെ നിഖിലിന്‍റെ കഥാപാത്രത്തിന്‍റെ ഫസ്‌റ്റ് ലുക്കാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
യുദ്ധക്കളത്തിലെ പോരാളിയെ പോലെയാണ് ഫസ്‌റ്റ് ലുക്കില്‍ നിഖില്‍. ഒരു കയ്യിൽ കുന്തവും മറു കയ്യിൽ പരിചയും പിടിച്ച് കുതിരപ്പുറത്തിരിക്കുന്നതാണ് ഫസ്‌റ്റ്‌ലുക്കില്‍. നിഖിലിന്‍റെ ഈ വ്യത്യസ്‌ത ഗെറ്റപ്പ് ആരാധകരെ തീര്‍ത്തും ആവേശഭരിതരാക്കിയിരിക്കുകയാണ്. നിഖിലിന്‍റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാകും 'സ്വയംഭൂ'.
നിഖിലും സംയുക്തയും തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജുകളിലൂടെ ഫസ്‌റ്റ്‌ലുക്ക് പങ്കുവച്ചിട്ടുണ്ട്. 'ഇതിഹാസ യാത്ര ആരംഭിക്കുന്നു' - എന്ന അടിക്കുറിപ്പോടുകൂടിയാണ് നിഖില്‍ 'സ്വയംഭൂ'വിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
പിക്‌സൽ സ്റ്റുഡിയോസിന്‍റെ ബാനറിൽ ഭുവൻ, ശ്രീകർ എന്നിവരാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുക. മനോജ് പരമഹംസ ഛായാഗ്രഹണവും, വാസുദേവ് മുന്നേപഗരി സംഭാഷണവും, രവി ബസ്‌റൂര്‍ സംഗീതവും ഒരുക്കും. പ്രൊഡക്ഷൻ ഡിസൈനർ - എം. പ്രഭാകരൻ, പിആർഒ - ശബരി.
രഘുനാഥ് പലേരി ഷാനവാസ് കെ ബാവക്കുട്ടി ചിത്രത്തിന് തുടക്കം : അതേസമയം ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 'കിസ്‌മത്ത്', 'തൊട്ടപ്പൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന ചിത്രത്തിന്‍റെ പൂജ എറണാകുളം പുത്തൻകുരിശ് പെറ്റ് റോസ് ഇവന്‍റ് സെന്‍ററിലാണ് നടന്നത്. 'പ്രണയ വിലാസം', 'ദി ടീച്ചർ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹക്കിം ഷാജഹാൻ, പൂർണിമ ഇന്ദ്രജിത്ത്, പ്രിയംവദ കൃഷ്‌ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.
വിജയരാഘവൻ, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, ഉണ്ണിരാജ, ഗണപതി, ജനാർദ്ദനൻ, വിജയ കുമാർ പ്രഭാകരൻ, ജിബിൻ ഗോപിനാഥ്, തുഷാര, സ്വാതിദാസ്, മനോഹരി ജോയ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. രഘുനാഥ് പലേരിയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
Also Read: കിസ്‌മത്ത് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ ചിത്രം ആരംഭിച്ചു
വിക്രമാദിത്യൻ ഫിലിംസിന്‍റെ സഹകരണത്തോടെ സപ്‌തതരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ ഒപി ഉണ്ണികൃഷ്‌ണന്‍, ഷമീർ ചെമ്പയിൽ, സന്തോഷ് വാളകലിൽ, പി എസ് ജയഗോപാൽ, പിഎസ് പ്രേമാനന്ദൻ, മധു പള്ളിയാന എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. എൽദോ നിരപ്പേൽ ഛായാഗ്രഹണവും മനോജ് സി.എസ് എഡിറ്റിങ്ങും ഹിഷാം അബ്‌ദുൾ വഹാബ് സംഗീതവും ഒരുക്കും.