ഗുവാഹത്തി: അസമിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രാത്രി എട്ടുമുതൽ രാവിലെ അഞ്ച് വരെ കർഫ്യൂ ഏർപ്പെടുത്തിയത്. മെയ് 1 വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
അവശ്യ സേവനങ്ങൾ ഒഴികെയുള്ളവയ്ക്കെല്ലാം കർഫ്യൂ ബാധകമായിരിക്കുമെന്നും അടിയന്തിര സാഹചര്യങ്ങൾ ഒഴികെ കർഫ്യൂ കാലയളവിൽ വ്യക്തികളുടെ സഞ്ചാരം അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.
വൈകുന്നേരം 6 മണിയോടെ കടകൾ അടയ്ക്കണമെന്നും വാഹനങ്ങളിൽ സഞ്ചരിക്കുന്ന എല്ലാവരും മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണമെന്നും സർക്കാരിന്‍റെ ഉത്തരവുണ്ട്.
തിങ്കളാഴ്ച അസമിൽ 3,137 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,40,670 ആയി. 15 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു.