ചണ്ഡീഗഢ്: കൊവിഡ് പശ്ചാത്തലത്തില്‍ പഞ്ചാബിലെ ഒമ്പത് ജില്ലകളില്‍ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂ രണ്ട് മണിക്കൂര്‍ നീട്ടി. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുരുതരമാണെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
രാത്രി 9 മണി മുതല്‍ 5വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇത് രാത്രി 11 മണി മുതല്‍ 5 വരെയായിരുന്നു. ലുധിയാന, ജലന്ധര്‍, പട്യാല, മൊഹാലി, അമൃത്‌സര്‍, ഗുര്‍ദാസ്‌പൂര്‍, ഹോഷിയാര്‍പൂര്‍, കപുര്‍ത്തല, രൂപ്‌നഗര്‍ എന്നീ ജില്ലകളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ പ്രതിദിനം നൂറിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബുധനാഴ്‌ച പഞ്ചാബില്‍ 2309 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 35 പേര്‍ കൊവിഡ് മൂലം മരിച്ചു. ലുധിയാനയില്‍ 233, ജലന്ധറില്‍ 277, പട്യാല 203, മൊഹാലി 222, അമൃത്‌സര്‍ 178, ഗുര്‍ദാസ്‌പൂര്‍ 112, ഹോഷിയാര്‍പൂര്‍ 191, കപുര്‍ത്തല 157, രൂപ്‌നഗര്‍ 113 എന്നിങ്ങനെയാണ് കൊവിഡ് കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കൊവിഡ് വിദഗ്‌ധ സമിതിയുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.