ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ (പിഎഫ്ഐ) പ്രവര്‍ത്തിച്ച ആളുകള്‍ക്കെതിരായി രാജസ്ഥാനിലെ ഏഴിടങ്ങളില്‍ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്‌ഡ്. സവായ് മധോപൂർ, ഭിൽവാര, ബുന്ദി, ജയ്‌പൂർ ജില്ലകളിലും കോട്ടയിലെ മൂന്ന് ഇടങ്ങളിലുമാണ് പരിശോധന. പിഎഫ്ഐയുടെ ഭാഗമായിരുന്നവര്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ റെയ്‌ഡ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങൾക്ക് പുറമെ എയർ ഗണ്‍, മൂർച്ചയേറിയ ആയുധങ്ങൾ, നിയമവിരുദ്ധമായ രേഖകൾ എന്നിവ പിടിച്ചെടുത്തെന്ന് എൻഐഎ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു. പിഎഫ്‌ഐയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ പിഎഫ്‌ഐ പ്രവര്‍ത്തകരായിരുന്ന സാദിഖ് സർറാഫ്, കോട്ടയിലെ മുഹമ്മദ് ആസിഫും ഇതേ സംഘടനയില്‍ പ്രവര്‍ത്തിച്ച മറ്റ് ചിലരും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നാണ് രഹസ്യവിവരം.
വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നാണ് വിവരം ലഭിച്ചതെന്നും തെരച്ചിലിനെ തുടര്‍ന്ന് ഇന്ന് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തെന്നും സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.