കാസർകോട്: ദക്ഷിഡ കന്നഡയിൽ എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ്.
ദക്ഷിണ കന്നഡയിലെ സുള്ള്യ, പുത്തൂർ, ബണ്ഡ്വാൾ മേഖലകളിലെ എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും, ഓഫീസുകളിലുമാണ് എൻഐഎ സംഘം റെയ്‌ഡ് നടത്തിയത്. ബെല്ലാരെയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകത്തിൽ അന്വേഷണത്തിന്‍റെ ഭാഗമായാണ് എൻഐഎ റെയ്‌ഡ്.
കേസിൽ നിലവിൽ പത്ത് പേരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കേസിൽ നിലവിൽ അറസ്റ്റിലായ പത്ത് പേരും എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.
വിശദമായി ചോദ്യം ചെയ്യുന്നതിനായി എൻഐഎ സംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഉൾപ്പടെ എൻഐഎ സംഘം പരിശോധന നടത്തിയത്. ഇതിലൂടെ അന്വേഷണം കൂടുതൽ നേതാക്കളിലേക്ക് വ്യാപിപ്പിക്കുന്നുവെന്നാണ് സൂചന.
ജൂൺ ഇരുപത്തിയാറിനാണ് യുവമോർച്ച ദക്ഷിണ കന്നഡ എക്‌സിക്യൂട്ടീവ് അംഗമായ പ്രവീണിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.