ന്യൂഡല്‍ഹി: ചാരവൃത്തിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍റെ ചാര ഏജൻസിയായ ഐഎസ്‌ഐയുടെ (ഇന്‍റര്‍ സർവീസസ് ഇന്‍റലിജൻസ്) ഇന്ത്യൻ ഏജന്‍റിനെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. യുഎപിഎ വകുപ്പുകള്‍ ചുമത്തിയാണ് ഗുജറാത്തിലെ വെസ്റ്റ് കാച്ച് ജില്ലയിലെ രാജക് ഭായ് കുംഭറിനെതിരായി എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഐഎസ്‌ഐ പ്രവർത്തകർക്ക് തന്ത്രപ്രധാനമായ വിവരങ്ങളും ഫോട്ടോകളും വീഡിയോകളും നൽകിയതിന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഉത്തർപ്രദേശിലെ ചന്ദോലി ജില്ലയിലെ റാഷിദ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. അയാള്‍ക്കെതിരെ എൻഐഎ കഴിഞ്ഞ ഏപ്രിലിൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. റാഷിദിനെതിരെയും എന്‍ഐഎ യുഎപിഎ ചുമത്തിയിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 30 ന് അറസ്റ്റിലായ കുംഭാർ നിയമപരമായ രേഖകളുമായി രണ്ടുതവണ പാകിസ്ഥാൻ സന്ദർശിച്ചിരുന്നതായും രണ്ടാം സന്ദർശനത്തിനിടെ മടങ്ങിയെത്തിയ അദ്ദേഹം പാകിസ്ഥാൻ ഐഎസ്‌ഐ പ്രവർത്തകനായ ഹമീദുമായി ബന്ധപ്പെടുകയും ഗൂഢാലോചനയിൽ പങ്കാളിയാവുകയും ചെയ്തതായി എൻഐഎ അധികൃതർ പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.