ചെന്നൈ: തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന. അന്താരാഷ്‌ട്ര ഭീകര സംഘടനയായ ഐഎസുമായി ബന്ധം പുലര്‍ത്തുന്ന സംഘത്തെകുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയിഡെന്ന് എന്‍ഐഎ അധികൃതര്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയിലെ ഒമ്പത് കേന്ദ്രങ്ങളിലും, മയിലാഡുതുരൈ, പോണ്ടിച്ചേരിയിലെ കാരയ്‌ക്കല്‍ എന്നിവിടങ്ങളിലുമാണ് റെയിഡ് നടത്തിയത്.
റെയിഡില്‍ തീവ്രവാദ ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍, മറ്റ് രേഖകള്‍ എന്നിവ പിടിച്ചെടുത്തു എന്ന് എന്‍ഐഎ പുറത്തിറക്കിയ പ്രസ്‌താവനയില്‍ അറയിച്ചു. സാദിക് ബാഷ, ജാബര്‍ അലി, മുഹമ്മദ് ആശിഖ്, മുഹമ്മദ് ഇര്‍ഫാന്‍, റഹ്‌മത് എന്നിവരെ ഫെബ്രുവരി 20ന് വാഹന പരിശോനയ്‌ക്കിടെ തമിഴ്‌നാട് പൊലീസ് അറസ്‌റ്റ് ചെയ്യുന്നതോടുകൂടിയാണ് കേസിന്‍റെ തുടക്കം. വാഹനപരിശോധന നടത്താനൊരുങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സാദിക് ബാഷ കൈതോക്ക് ചൂണ്ടുകയായിരുന്നു.
തുടര്‍ന്ന് സാദിക് ബാഷയേയും സംഘത്തേയും പൊലീസ് സംഘം കായികമായി കീഴടക്കുകയും തുടര്‍ന്ന് ഇവരുടെ വാഹനം പരിശോധിച്ചപ്പോള്‍ കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. കൈതോക്കില്‍ ഉപയോഗിക്കുന്ന തിരകള്‍, ഇരുമ്പ് ദണ്ഡ്, കൈയാമം, ഹാര്‍ഡ് സിസ്‌ക് എന്നിവ ഇവരുടെ വാഹനത്തില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. പിന്നീട് ഈ കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
ഈ സംഘം ഖിലാഫ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഖിലാഫ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ രൂപീകരിച്ച് രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും അപകടപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു എന്ന് എന്‍ഐഎ വ്യക്തമാക്കി. ഐഎസുമായി ബന്ധം പുലര്‍ത്തുകയും അതിന്‍റെ ആശയങ്ങള്‍ സംഘം രാജ്യത്ത് പ്രചരിപ്പിച്ചുവരികയായിരുന്നു. ഇന്ത്യയില്‍ ഒരു ഖിലാഫത്ത് സ്ഥാപിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും എന്‍ഐഎ വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ യുഎപിഎയാണ് ചുമത്തിയത്.