ശ്രീനഗര്‍: ജമ്മു കശ്മീരിലെ 15 സ്ഥലങ്ങളില്‍ റെയ്‌ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി (എന്‍.ഐ.എ). സൈനിക താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടന്ന സംഭവത്തെ തുടര്‍ന്ന് സ്‌ഫോടക വസ്‌തു (ഐ.ഇ.ഡി) കണ്ടെത്തിയ കേസിലും ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-മുസ്‌തഫ (എൽ.ഇ.എം) ഉള്‍പ്പെട്ട കേസിലുമാണ് അന്വേഷണം.
പിടിച്ചെടുത്തത് മൊബൈല്‍, ഹാർഡ് ഡിസ്‌ക് തുടങ്ങിയവ
എൽ.ഇ.എം കേസിൽ ഇർഫാൻ അഹമ്മദ് ദാർ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്കുകൾ, മെമറി കാർഡുകൾ, പെൻ ഡ്രൈവുകൾ, ലാപ്‌ടോപ്പുകൾ, രാജ്യദ്രോഹ ബുക്‌ലെറ്റുകള്‍ തുടങ്ങിയ നിരവധി വസ്‌തുക്കള്‍ എന്നിവ അറസ്റ്റിലായ പ്രതിയുടെ താമസസ്ഥലത്തുനിന്നും കണ്ടെത്തി.
ജമ്മുവിൽ നിന്നും കണ്ടെത്തിയത് ഏഴ് കിലോഗ്രാം ഐ.ഇ.ഡി
ജൂണ്‍ 27 ന് സൈനിക താവളത്തിലാണ് ഡ്രോണ്‍ അക്രമണം നടന്നത്. രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിനു ശേഷം ജമ്മുവിൽ നിന്ന് ഏഴ് കിലോഗ്രാം അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്‌തുക്കളാണ് കണ്ടെടുത്തത്. ജമ്മു മേഖലയില്‍ ജയ്ഷെ-ഇ-മുഹമ്മദിന്‍റെ നിര്‍ദേശപ്രകാരം ലഷ്‌കര്‍-ഇ-മുസ്തഫ ഭീകരര്‍ പ്രവര്‍ത്തനം നടത്തുന്നു എന്നതാണ് രണ്ടാമത്തെ കേസ്.
മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത എൽ.ഇ.എം കേസില്‍ ഭീകര സംഘടനയുടെ തലവന്‍ ഹിദായത്തുള്ളയെ അറസ്റ്റ് ചെയ്തിരുന്നു. പുൽവാമ, ഷോപിയാൻ, ശ്രീനഗർ, അനന്ത്നാഗ്, ജമ്മു, ബനിഹാൽ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് എൻ.ഐ.എയുടെ ഒന്നിലധികം സംഘങ്ങള്‍ ഒരേസമയം റെയ്‌ഡ് നടത്തിയത്.