ശ്രീനഗർ: തീവ്രവാദ ഫണ്ടിങ് കേസിൽ ശ്രീനഗറിലെ രാജ്ബാഗിലുള്ള വിഘടനവാദികളായ ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസിന്‍റെ (എപിഎച്ച്സി) ഓഫിസ് എൻഐഎ കണ്ടുകെട്ടി. ഡൽഹി ആസ്ഥാനമായുള്ള പ്രത്യേക എൻഐഎ കോടതി നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്‌ട് പ്രകാരം എപിഎച്ച്സി ഓഫിസ് കണ്ടുകെട്ടാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി. ജമ്മു കശ്‌മീരിലെ വിഘടനവാദ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയ കേസിൽ 2017 ജൂലൈ 24ന് അറസ്റ്റിലായ നയീം ഖാന്‍റെ ഉടമസ്ഥതതയിലുള്ള കെട്ടിടമാണ് കണ്ടുകെട്ടിയത്.
ഭീകരവാദ പ്രവർത്തനങ്ങൾക്കായി കെട്ടിടം ഉപയോഗിക്കുന്നുവെന്ന് എൻഐഎ പ്രത്യേക കോടതിയെ അറിയിച്ചു. കോടതി നിർദേശപ്രകാരമുള്ള അറ്റാച്ച്മെന്‍റ് നോട്ടിസിന്‍റെ പകർപ്പ് ശ്രീനഗറിലെ ഹുറിയത്ത് ഓഫിസിൽ എൻഐഎ ഒട്ടിച്ചു. 1993-ൽ രൂപീകരിച്ച ഹുറിയത്ത് കോൺഫറൻസ്, 26 വിഘടനവാദി സംഘടനകളുടെ സംയോജനമാണ്. വിഘടനവാദ ഗ്രൂപ്പുകൾക്കെതിരെ സർക്കാർ നടപടികളെ തുടർന്ന് 2019 ഓഗസ്റ്റ് മുതൽ അതിന്‍റെ ഓഫിസ് അടച്ചിട്ടിരിക്കുകയായിരുന്നു.
ഓഫിസിൽ അറ്റാച്ച് ചെയ്‌തിരിക്കുന്ന നോട്ടിസ് പ്രകാരം; രാജ്ബാഗിൽ ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസിന്‍റെ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടം ഇപ്പോൾ വിചാരണ നേരിടുന്ന നയീം അഹമ്മദ് ഖാന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ന്യൂഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി 2023 ജനുവരി 27-ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കെട്ടിടം അറ്റാച്ച് ചെയ്‌തിരിക്കുകയാണ്.