ന്യൂഡല്‍ഹി: വ്യാജ നോട്ടുകച്ചവടവുമായി ബന്ധപ്പെട്ട് ഒരാളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ പൂർബ ബാർധമാൻ ജില്ലയിലെ ജാക്കിർ സേഖാണ് അറസ്റ്റിലായത്. ബംഗ്ലാദേശിലെ ഇന്ത്യന്‍ വ്യാജ കറന്‍സി വിതരണക്കാരനായ മുൻഷിയുടെ അസോസിയേറ്റാണ് ഇയാള്‍. ഇയാളുടെ കയ്യില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.
കഴിഞ്ഞ ജനുവരി എട്ടിന് പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നിന്നും 4,01,000 വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ ഗോലം മാർട്ടുജ എന്നയാളുടെ കയ്യില്‍ നിന്നും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ മാർച്ചിൽ ഐപിസി, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) നിയമപ്രകാരം എൻഐഎ കേസ് രജിസ്റ്റർ ചെയ്യുകയും സിലിഗുരിയിലെ പ്രത്യേക എൻഐഎ കോടതിയിൽ നാല് പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് പുതിയ അറസ്റ്റ്. അറസ്റ്റിലായ സേഖിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ അന്തർദേശീയ ബന്ധങ്ങൾ തിരിച്ചറിയുന്നതിനുള്ള കൂടുതൽ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.