മുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതിയും ഒളിവിൽപ്പോയ അധോലോക ഗുണ്ടാ നേതാവുമായ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ഇബ്രാഹിമിന്‍റെ അടുത്ത സഹായി ഷക്കീൽ ഷെയ്‌ഖിന് 20 ലക്ഷം രൂപയും കൂട്ടാളികളായ ഹാജി അനീസ്, ജാവേദ് പട്ടേൽ, ഇബ്രാഹിം മുഷ്‌താഖ് അബ്‌ദുൾ റസാക്ക് മെമൻ എന്നിവർക്ക് 15 ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ സ്‌ഫോടന കേസിലെ പ്രതികളാണ് ഇവരെല്ലാം.
ദാവൂദ് ഇബ്രാഹിമിനെ ആഗോള ഭീകരനായാണ് യുഎൻ പ്രഖ്യാപിച്ചിട്ടുള്ളത്. ദാവൂദ് ഇബ്രാഹിം കസ്‌കറും കൂട്ടാളികളുമുൾപ്പെടുന്ന തീവ്രവാദ ശൃംഖലയാണ് 'ഡി' കമ്പനി. 'ഡി' കമ്പനിക്കെതിരെ ഫെബ്രുവരിയിൽ ഏജൻസി കേസെടുത്തിട്ടുണ്ട്.
ആയുധക്കടത്ത്, നാർക്കോ ഭീകരത, കള്ളപ്പണം വെളുപ്പിക്കൽ, എഫ്‌ഐസിഎൻ പ്രചരണം, തീവ്രവാദ ഫണ്ട് സ്വരൂപിക്കൽ ലഷ്‌കർ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര തീവ്രവാദ സംഘടനകളുമായി സജീവമായി സഹകരിച്ച് പ്രവർത്തിക്കൽ തുടങ്ങിയ വിവിധ തീവ്രവാദ ക്രിമിനൽ പ്രവർത്തനങ്ങളിലാണ് ഈ സംഘം ഏർപ്പെട്ടിട്ടുള്ളത്.