ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ കൊവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന പരാതിയില്‍ ഡല്‍ഹി, ഹരിയാന, ഉത്തര്‍ പ്രദേശ് സര്‍ക്കാരുകള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു. പ്രതിഷേധ സ്ഥലങ്ങളില്‍ കൊവിഡ് പടരുന്നത് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് നാലാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടു.
Also read: കൊവിഡ് വാക്സിന്‍ ഉല്‍പ്പാദനം; കേന്ദ്രത്തെ സമീപിച്ച് തമിഴ്നാട് മുഖ്യമന്ത്രി
പ്രതിഷേധ സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്ന കര്‍ഷകരുടെ എണ്ണം വർധിച്ചതിനാൽ നിലവിലെ കൊവിഡ് സാഹചര്യം കൂടതല്‍ വഷളാകാൻ സാധ്യതയുണ്ട്. കര്‍ഷകര്‍ അവരുടെ ജീവനെ മാത്രമല്ല അപകടത്തിലാക്കുന്നത് മറിച്ച് ഗ്രാമപ്രദേശങ്ങളിലും കൊവിഡ് പടര്‍ത്തുകയാണെന്ന് കമ്മിഷന്‍ പറഞ്ഞു.
മൂന്ന് ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത, പല സംസ്ഥാനങ്ങളിലും ഇപ്പോഴും രൂക്ഷമായി തുടരുന്ന കൊവിഡിന്‍റെ ഏറ്റവും ഭയാനകമായ രണ്ടാം തരംഗത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ആരോഗ്യ സൗകര്യങ്ങളുടെ അപര്യാപ്‌തത, ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്‌ത ബ്ലാക്ക് ഫംഗസ് രോഗബാധ ഉള്‍പ്പെടെയുള്ള പ്രതിബന്ധങ്ങളെ മറികടക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുകയാണ്. ഈ അസാധാരണമായ സാഹചര്യത്തില്‍ മനുഷ്യ ജീവനുകളെ രക്ഷിക്കുക എന്നതാണ് ഏക ലക്ഷ്യമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
Also read: അടിയന്തര സാഹചര്യങ്ങളിലെ ഉപയോഗം; ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയെ സമീപിച്ചു
കൊവിഡ് ബാധയുള്‍പ്പെടെ നിരവധി കാരണങ്ങളാൽ മുന്നൂറിലധികം കർഷകരാണ് പ്രതിഷേധത്തിനിടെ മരിച്ചതെന്ന് ചൂണ്ടികാട്ടിയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന് മുന്നില്‍ പരാതിയെത്തിയത്.