ന്യൂഡൽഹി: രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ ആശ വര്‍ക്കര്‍മാരുടെ മോശം തൊഴിൽ സാഹചര്യങ്ങൾ സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്‌ആർസി)കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചു. ഇന്ത്യയിലുടനീളമുള്ള ഗ്രാമീണ ജനതയുടെ മുഴുവൻ ആരോഗ്യ പരിപാലന സംവിധാനവും ഈ ആശ വര്‍ക്കര്‍മാരെ ആശ്രയിച്ചിരിക്കുന്നതിനാൽ "മോശം തൊഴിൽ സാഹചര്യങ്ങൾ" എന്ന ആരോപണം ശരിയാണെങ്കിൽ അത് വളരെ നിര്‍ണായകമായ പ്രശ്നമാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിരീക്ഷിച്ചു.
Read Also……മരിച്ചവരുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിന് നിയമം നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് മുൻനിരയിൽ പ്രവർത്തിച്ചിട്ടും ആശ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) വര്‍ക്കര്‍മാർക്ക് കുടിശ്ശികയും സുരക്ഷാ ഉപകരണങ്ങളും ലഭിക്കുന്നില്ലെന്ന പരാതി എൻഎച്ച്‌ആർസിക്ക് ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ പരാതിയിൽ ഉന്നയിച്ച വിഷയങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. അതിനാൽ, ഓരോ സംസ്ഥാനത്തും എത്ര ആശ വര്‍ക്കര്‍മാർ പ്രവർത്തിക്കുന്നു, കൊവിഡ് സമയത്ത് അവർക്ക് നൽകിയ പ്രതിഫലം, മറ്റ് കുടിശ്ശിക, അവര്‍ക്ക് ഏർപ്പെടുത്തിയ ആരോഗ്യ പരിരക്ഷാ നടപടികൾ എന്നിവയുടെ വിശദാംശങ്ങൾ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അടങ്ങുന്ന റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.