ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് മരണമടഞ്ഞവർക്ക് ശ്മശാന സേവനം ഒരുക്കി സർക്കാർ ഇതര സംഘടനയായ യുണൈറ്റഡ് സിഖ്സ്. മനുഷ്യാവകാശ, അഭിഭാഷക സംഘടനയായ യുണൈറ്റഡ് സിഖ്സ് ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. അസുഖമോ ഭയമോ മറ്റു തടസങ്ങളോ നേരിടുന്ന കുടുംബത്തിലെ ആളുകളുടെ ബന്ധുക്കള്‍ മരിച്ചാല്‍ സംസ്കരിക്കുന്നതിനുള്ള സഹായമാണ് സംഘടന വാഗ്ദാനം ചെയ്യുന്നത്.
വൈറസിന് ഇരയായ 350 ലധികം പേരുടെ മൃതദേഹം സംസ്കരിയ്ക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സംഘടനയുടെ ഡയറക്ടർ പ്രീതം സിങ് പറഞ്ഞു."ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അവരുടെ മതവും ജാതിയും നോക്കാതെയാണ് തങ്ങൾ സഹായം വാഗ്ദാനം ചെയ്യുന്നത്.
മരിച്ചവരുടെ മതവിശ്വാസമെന്താണോ അതിനെ ഞങ്ങൾ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ സംഘടനകളിൽ നിന്നും ദുരിതത്തിലായ കുടുംബങ്ങളിൽ നിന്നും തങ്ങൾക്ക് തുടർച്ചയായി കോളുകൾ ലഭിക്കുന്നുണ്ട്. ആശുപത്രി, ശ്മശാനങ്ങൾ എന്നിവയും തങ്ങളെ സമീപിക്കുന്നുണ്ടെന്നും സിങ് കൂട്ടിച്ചേർത്തു. 15 ശ്മശാനങ്ങളാണ് സംഘടനയുടെ കീഴില്‍ സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്.