ന്യൂഡൽഹി: വിവാഹ അഭ്യര്‍ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ ഇരുമ്പ് കമ്പികൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. ന്യൂഡൽഹിയിലെ മാളവ്യ നഗറിൽ, ഇന്ന് ഉച്ചയ്‌ക്ക് 12നുണ്ടായ സംഭവത്തില്‍ 25കാരിക്കാണ് ദാരുണാന്ത്യം. കമല നെഹ്‌റു കോളജ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സുഹൃത്തായ 28കാരനെ പൊലീസ് പിടികൂടി. പെണ്‍കുട്ടിയോട് താന്‍ വിവാഹാഭ്യർഥന നടത്തിയെന്നും എന്നാൽ ഇത് നിരസിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. മാളവ്യ നഗറിലെ അരബിന്ദോ കോളേജിന് തൊട്ടടുത്തുള്ള മണ്ഡല്‍ പാർക്കിലാണ് സംഭവം നടന്നത്. സംഭവം നടന്നയുടനെ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു.
മരണം തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ്: ന്യൂഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണറും (സൗത്ത്) മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കി. സ്ഥലത്ത് ഉദ്യോഗസ്ഥരെത്തുമ്പോള്‍, വിജയ് മണ്ഡല്‍ പാർക്കിലെ ബെഞ്ചിന് താഴെ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പ് കമ്പിയും പൊലീസ് സ്ഥലത്ത് നിന്നും കണ്ടെടുത്തു. വിദ്യാര്‍ഥിനിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
പെണ്‍സുഹൃത്തിനെ അടിച്ചുകൊന്ന് 17കാരന്‍: മറ്റൊരു ആണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്യുന്നുണ്ടെന്നറിഞ്ഞ്, കാമുകിയെ ഇരുമ്പ് കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തി 17കാരന്‍. ഇക്കഴിഞ്ഞ മാര്‍ച്ചില്‍, ജാര്‍ഖണ്ഡിലെ ഗോഡ ജില്ലയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. സംഭവത്തില്‍ പ്രതിയായ ആണ്‍കുട്ടിയെ പൊലീസ് പിടികൂടി. ഉര്‍ജനഗറിലെ പ്രശസ്‌തമായ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും.
READ MORE | മറ്റൊരാളുമായി ഇന്‍സ്റ്റഗ്രാം ചാറ്റ് ; പെണ്‍സുഹൃത്തിനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊന്ന് 17കാരന്‍
ഒരേ ക്ലാസില്‍ പഠിച്ചിരുന്ന ആണ്‍കുട്ടിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടി മറ്റൊരു ആണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയക്കാറുണ്ടെന്ന് കാമുകന്‍ മനസിലാക്കി. ഇതില്‍ പ്രകോപിതനായ 17കാരന്‍ ഹോളി ആഘോഷിക്കാന്‍ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയുടെ അടുത്തെത്തി ഇരുമ്പ് കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ALSO READ | വിവാഹത്തിന് വിസമ്മതിച്ചു, ജാമ്യത്തിലിറങ്ങി കാമുകിയെ കഴുത്തുഞെരിച്ച് കൊന്ന് യുവാവ്
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് സൂപ്രണ്ട് നാഥു സിങ് മീണ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് കമ്പിയും പെൺകുട്ടിയുടെ മൊബൈൽ ഫോണും മൃതദേഹം കണ്ടെത്തിയതിന് ഏതാനും മീറ്റർ അകലെ നിന്ന് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷിക്കാൻ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ (എസ്‌ഡിപിഒ) ശിവ് ശങ്കർ തിവാരിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. ആണ്‍കുട്ടിയെ റിമാൻഡ് ചെയ്‌ത് ജുവൈനല്‍ ഹോമിലേക്ക് അയച്ചെന്നും പൊലീസ് അറിയിച്ചു.
ALSO READ | മകളും കാമുകനും ചേര്‍ന്ന് അധ്യാപകനായ പിതാവിനെ അടിച്ച് കൊന്നു