മൊഹാലി: രാജ്യത്തിനായി 100 ടെസ്റ്റുകളിൽ പങ്കാളിയാകാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് വിരാട് കോലി. കരിയറിൽ 100 ടെസ്റ്റുകൾ കളിക്കുന്ന 12-ാമത്തെ ഇന്ത്യൻ താരം എന്ന നാഴികക്കല്ല് പിന്നിടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ മുൻ നായകൻ. വെള്ളിയാഴ്‌ച മൊഹാലിയില്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലൂടെയാണ് കോലി എലൈറ്റ് ക്ലബിന്‍റെ ഭാഗമാകുന്നത്.
100 ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇതിനിടയിൽ ധാരാളം മത്സരങ്ങൾ ഞങ്ങൾ കളിച്ചു. ഇതൊരു നീണ്ട യാത്രയാണ്. ഇതിൽ പങ്കുചേരാൻ കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവനാണ്, കോലി പറഞ്ഞു.
ദൈവം ദയയുള്ളവനാണ്. 100-ാം ടെസ്റ്റ് എന്നത് എനിക്കും എന്‍റെ കുടുംബത്തിനും എന്‍റെ പരിശീലകർക്കും അഭിമാനകരമായ നിമിഷമാണ്. എന്‍റെ ഫിറ്റ്നസ് നിലനിർത്താൻ ഞാൻ ധാരാളം കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്. ഇതുവരെ എത്താനായതിൽ ഞാൻ വളരെ സന്തോഷവാനാണ്, കോലി കൂട്ടിച്ചേർത്തു.
2011-ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച കോലി 50.39 റണ്‍സ് ശരാശരിയിൽ 7962 റണ്‍സ് നേടിയിട്ടുണ്ട്. ഇതിൽ 27 സെഞ്ച്വറി, 7 ഡബിൾ സെഞ്ച്വറി, 28 അർധ സെഞ്ച്വറി എന്നിവയും ഉൾപ്പെടുന്നു. അതേസമയം ഏഴ് വർഷത്തിന് ശേഷം നായകനാവാതെ കോലിയുടെ ആദ്യ ടെസ്റ്റെന്ന പ്രത്യേകതയും ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിനുണ്ട്.
സുനിൽ ഗവാസ്‌കർ, ദിലീപ് വെങ്‌സർക്കർ, കപിൽ ദേവ്, സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ, വിരേന്ദർ സെവാഗ്, ഹർഭജൻ സിങ്, ഇഷാന്ത് ശർമ എന്നിവരാണ് കോലിക്ക് മുന്നേ 100 ടെസ്റ്റ് എന്ന നാഴികക്കല്ല് പിന്നിട്ട ഇന്ത്യൻ താരങ്ങൾ.