ബെംഗളൂരു: സംസ്ഥാനത്തെ ആദ്യത്തെ മൊബൈൽ കൊവിഡ് വാക്‌സിൻ ബസ് ആരംഭിക്കാനൊരുങ്ങി നോർത്ത്ഈസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻആർടിസി). ഗ്രാമപ്രദേശങ്ങളിലുള്ളവരിലേക്ക് വാക്‌സിൻ എത്തിക്കാനായാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. കൽബുർഗിയിൽ രണ്ട് ബസുകൾ ഇതിനോടകം തയ്യാറാക്കി വച്ചിട്ടുള്ളതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഗ്രാമപ്രദേശങ്ങളിലുള്ളവർ വാക്‌സിൻ സ്വീകരിക്കാൻ മടി കാണിക്കുന്നതിനാൽ മൊബൈൽ കൊവിഡ് വാക്‌സിനേഷൻ വാഹനങ്ങളിലൂടെ ആളുകളിലേക്കെത്തി വാക്‌സിൻ എത്തിച്ചുനൽകാനാണ് തീരുമാനം. ഇതിലൂടെ കൂടുതൽ ആളുകൾ വാക്‌സിൻ സ്വീകരിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. വാഹനങ്ങൾ വീട്ടുപടിക്കലെത്തി ആളുകൾക്ക് വാക്‌സിൻ നൽകുമെന്നും അധികൃതർ അറിയിച്ചു.
Also Read: രാമജന്മഭൂമി ട്രസ്റ്റിലെ അഴിമതിക്കാരെ നീക്കണം; നിർവാണി അനി അഖാര മഹന്ത്
ബസിനെ മൂന്നായി തിരിച്ചാണ് വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കുക. ഒന്നാമത്തെ ഭാഗത്ത് രജിസ്ട്രേഷൻ കൗണ്ടറാണ്. ഇവിടെ രജിസ്റ്റർ ചെയ്‌തശേഷം ആളുകൾക്ക് രണ്ടാമത്തെ ഭാഗത്തെത്തി വാക്‌സിൻ സ്വീകരിക്കാം. മൂന്നാമത്തെ ഭാഗത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ നിരീക്ഷണ മുറിയാണ്. ഇവിടെ വാക്‌സിനേഷന് ശേഷം ആളുകൾ അരമണിക്കൂർ നിരീക്ഷണത്തിലിരിക്കും.
ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ആവശ്യപ്പെട്ടതനുസരിച്ച് രണ്ട് ബസുകളാണ് നിലവിൽ എൻആർടിസി തയ്യാറാക്കിയിട്ടുള്ളത്. ആവശ്യമെങ്കിൽ ഇനിയും ബസുകൾ തയ്യാറാക്കുമെന്ന് നോർത്ത്ഈസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചെയർമാനും എംഎൽഎയുമായ രാജ്‌കുമാർ തെൽക്കൂർ മാധ്യമങ്ങളോട് പറഞ്ഞു.