കൊഹിമ: നെയ്‌ഫിയു റിയോ നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റെടുത്തു. ഇത് അഞ്ചാം തവണയാണ് നെയ്‌ഫിയു റിയോ നാഗാലാന്‍ഡിന്‍റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ ഗണേശൻ സത്യവാചകം ചൊല്ലികൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ നാഗാലാന്‍ഡിന്‍റെ തലസ്ഥാനമായ കൊഹിമയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. ഏതെങ്കിലും ഒരു കേന്ദ്ര മന്ത്രി നാഗാലാന്‍ഡിലെ ഒരു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നത് ഇത് ആദ്യമായാണ്. കടുത്ത സുരക്ഷയായിരുന്നു കൊഹിമയിലെ കള്‍ച്ചറല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ഉണ്ടായിരുന്നത്.
സത്യപ്രതിജ്ഞ ചടങ്ങ് ആരവങ്ങള്‍ ഇല്ലാതെ: വലിയ ആഢംബരങ്ങള്‍ ഇല്ലാതെ ലളിതമായാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, മണിപ്പൂര്‍ മുഖ്യമന്ത്രി പ്രേം സിങ് തമാങ്, കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവലെ തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങില്‍ സന്നിഹിതരായി. 2018ല്‍ നെയ്‌ഫിയു റിയോയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് വളരെ വിപുലമായിരുന്നു. തുറന്ന മൈതാനമായ ലോക്കല്‍ ഗ്രൗണ്ടില്‍ ഒരു പൊതുപരിപാടിയായാണ് അത് നടത്തപ്പെട്ടത്.
നരേന്ദ്ര മോദിയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനം: മേഘാലയ മുഖ്യമന്ത്രിയായി കോൺറാഡ് സാങ്മയുടെ ഇന്ന് തന്നെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഇത് രണ്ടാം തവണയാണ് കോണ്‍റാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. രണ്ട് ദിവസം നീളുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശന പരിപാടിയാണ് പ്രധാനമന്ത്രി മോദിയുടേത്. ത്രിപുരയിലെ പുതിയ ബിജെപി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.
നെയ്‌ഫിയു റിയോയുടെ എന്‍ഡിപിപി(Nationalist Democratic Progressive Party) ബിജെപി സംഖ്യത്തിന് 37 സീറ്റുകളാണ് ഫെബ്രുവരി 27ന് നടന്ന നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. മൊത്തം 60 സീറ്റുകളാണ് നാഗാലാന്‍ഡ് നിയമസഭയില്‍ ഉള്ളത്. 2018ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ അല്‍പ്പം നില മെച്ചപ്പെടുത്തി എന്‍ഡിപിപിക്ക് 25 സീറ്റുകളാണ് ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ബിജെപിക്ക് 12 സീറ്റുകളും ലഭിച്ചു.
യാന്തുങ്കോ പാറ്റണ്‍ നാഗലാന്‍ഡ് ഉപമുഖ്യമന്ത്രി: വടക്കൻ അംഗമി-II മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ സെയ്വിലി സച്ചുവിനെ 15,824 വോട്ടിന്‍റെ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാണ് നെയ്‌ഫിയു റിയോ എംഎല്‍എ ആകുന്നത്. വടക്കൻ അംഗമി-II നിയമസഭ മണ്ഡലത്തില്‍ ഇതുവരെ റിയോ പരാജയം അറിഞ്ഞിട്ടില്ല. എന്‍ഡിപിപി ബിജെപി നേതാക്കള്‍ സംയുക്തമായി സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചതിന് ശേഷം തിങ്കളാഴ്‌ചയാണ് (06.03.2023) റിയോ ഗവര്‍ണറെ കാണുന്നത്. ബിജെപി യാന്തുങ്കോ പാറ്റണിനെ വീണ്ടും നിയമസഭയിലെ തങ്ങളുടെ നേതാവായി ഐകകണ്‌ഠേന തെരഞ്ഞെടുത്തു. യാന്തുങ്കോ പാറ്റണ്‍ നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റെടുത്തു.