മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി സംഘടിപ്പിച്ചതില്‍ പിടിയിലായവരില്‍, ബി.ജെ.പി നേതാവിന്‍റെ ബന്ധുക്കൾ ഉൾപ്പെടെ മൂന്ന് പേരെ വിട്ടയച്ചതായി മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്. റുഷഭ് സച്ച്‌ദേവ, പ്രതിക് ഗബ, ആമിർ ഫർണിച്ചർവാല എന്നിവരെ എന്‍.സി.ബി സംഘം മോചിപ്പിച്ചതായി മാലിക് ആരോപിച്ചു.
കപ്പൽ ലഹരിപ്പാര്‍ട്ടി റെയ്‌ഡ് ഒരു ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ്. ആര്യൻ ഖാൻ ഉൾപ്പെടെ, കപ്പലിൽ നിന്നും 11 പേരെയാണ് അറസ്റ്റ് ചെയ്‌തത്. എന്നാല്‍, എട്ട് പേരെ മാത്രമാണ് അറസ്റ്റ് ചെയ്‌തത്, അതില്‍ മൂന്ന് പേരെ വിട്ടയയ്‌ക്കുകയുണ്ടായി. ഈ കേസ് മുഴുവൻ കള്ളമാണെന്നും എൻ.സി.പി ദേശീയ വക്താവ് കൂടിയായ നവാബ് മാധ്യമങ്ങളോട് പറഞ്ഞു.
'വാങ്കഡെ ബി.ജെ.പി നേതാക്കളുമായി സംസാരിച്ചു'
യുവമോർച്ച നേതാവായ മോഹിത് കംബോജിന്‍റെ ഭാര്യ സഹോദരനാണ് വൃഷഭ് സച്ച്ദേവ്. പിടികൂടി രണ്ട് മണിക്കൂറിനുള്ളിലാണ് അവരെ വിട്ടയച്ചത്. ഇയാളെ മോചിപ്പിക്കുമ്പോൾ പിതാവ് കൂടെയുണ്ടായിരുന്നു. പിടികൂടിയവരിലെ, മൂന്ന് പേരെ മോചിപ്പിക്കാൻ എൻ.സി.ബിയോട് ആരാണ് ഉത്തരവിട്ടത്.
നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ സമീർ വാങ്കഡെ ഇക്കാര്യം വെളിപ്പെടുത്തണമെന്നും മാലിക് ആവശ്യപ്പെട്ടു. സമീർ വാങ്കഡെയുടെ കോൾ റെക്കോർഡുകൾ പരിശോധിക്കണം. വാങ്കഡെ ഡൽഹിയിലെയും മഹാരാഷ്ട്രയിലെയും ബി.ജെ.പി നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. ഇത് അന്വേഷിക്കണമെന്നും എന്‍.സി.പി ദേശീയ വക്താവ് കൂടിയായ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, ഈ അറസ്റ്റ് വ്യാജമാണെന്ന ഗുരുതര ആരോപണവുമായി മാലിക് ഒക്‌ടോബര്‍ ഒന്‍പതാം തിയ്യതി രംഗത്തെത്തിയിരുന്നു. റെയ്‌ഡ് നടത്തിയത് എന്‍.സി.ബി ഉദ്യോഗസ്ഥരല്ല, ബി.ജെ.പി പ്രവർത്തകരാണ്. ആര്യൻ ഖാനെയും സുഹൃത്ത് അർബാസ് മർച്ചന്‍റിനെയും അറസ്റ്റ് ചെയ്‌തത് ബി.ജെ.പിക്കാരാണെന്നും ആരോപിച്ചതിന് പിന്നായെയാണ് ശനിയാഴ്‌ച മാലിക് പ്രസ്‌താവന നടത്തിയത്.