മുംബൈ: മഹാരാഷ്‌ട്രയിലെ ന്യൂനപക്ഷകാര്യ മന്ത്രിയും എൻസിപി നേതാവുമായി നവാബ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റു ചെയ്‌തു. 1993ലെ സ്ഫോടന പരമ്പര കേസ് പ്രതിയുമായുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മന്ത്രിയെ (23.02.22) രാവിലെ മുതൽ ഇഡി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
'അറസ്റ്റ് ചെയ്യപ്പെട്ടു, എന്നാൽ തനിക്ക് പേടിയില്ല. നമ്മൾ പോരാടി വിജയിക്കുമെന്ന്' ഇഡി ഉദ്യോഗസ്ഥരോടൊപ്പം ഓഫീസിന് പുറത്തെത്തിയ നവാബ് മാലിക് പ്രതികരിച്ചു. മുൻ എൻസിബി തലവനായ സമീർ വാങ്കഡെക്കെതിരെ നവാബ് മാലിക് നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ഇഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ എൻസിപി നേതാവ്
മഹാരാഷ്‌ട്രയിൽ ഇ.ഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ എൻസിപി നേതാവാണ് നവാബ് മാലിക്. മുൻ ആഭ്യന്തര മന്ത്രിയായ അനിൽ ദേശ്‌മുഖിനെ നവംബറിൽ ഇ.ഡി അറസ്റ്റ് ചെയ്‌തിരുന്നു. അനിൽ ദേശ്‌മുഖ് ഇപ്പോഴും ഇഡി കസ്റ്റഡിയിലാണ്.
വിവിധ ബിജെപി നേതാക്കളെ ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടിയതിനെ തുടർന്നാണ് ഈ നീക്കം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി വൈരാഗ്യം തീർക്കുകയാണെന്നും മുൻകൂറായി വിവരം നൽകാതെയാണ് മാലിക്കിനെ ചോദ്യം ചെയ്യാൻ ഇഡി കൊണ്ടുപോയതെന്നും എൻസിപി നേതാവും മന്ത്രിയുമായ ജയന്ത് പാട്ടീൽ പറഞ്ഞു.
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ ബന്ധുക്കളുടെ വസ്‌തുവകകളിൽ എൻഐഎ അടുത്തിടെ റെയ്‌ഡ് നടത്തിയിരുന്നു. അഞ്ച് ദിവസങ്ങൾക്ക് ശേഷം ദാവൂദ് ഇബ്രാഹിമിന്‍റെ ഇളയ സഹോദരൻ ഇഖ്‌ബാൽ ഇബ്രാഹിം കസ്‌കറിനെ അറസ്റ്റ് ചെയ്‌തിരുന്നു.
അതേ സമയം വിഷയത്തിൽ അപലപിച്ച് എൻസിപി, ശിവസേന നേതാക്കൾ രംഗത്തെത്തി. ബിജെപിക്കെതിരെ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കുന്ന രാഷ്‌ട്രീയ നേതാക്കളെ ദേശിയ ഏജൻസികളെ ഉപയോഗിച്ച് നിശബ്‌ദരാക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് വക്താക്കൾ പ്രതികരിച്ചു.
READ MORE: സമീര്‍ വാങ്കഡെ താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടി; ഗുരുതര ആരോപണങ്ങളുമായി നവാബ് മാലിക്