ഹവേരി (കര്‍ണാടക): ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ ആഞ്ഞടിച്ച് യുക്രൈനില്‍ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥി നവീൻ ശേഖർഗൗഡയുടെ പിതാവ് ശേഖരപ്പ. ഉയർന്ന മാർക്ക് നേടിയാലും ഇന്ത്യയിൽ മെഡിക്കൽ സീറ്റ് ലഭിക്കാൻ കോടികൾ ചെലവാക്കേണ്ടിവരുന്നു എന്നും അതിനാലാണ് പലരും വിദേശ രാജ്യങ്ങൾ തേടി പോകുന്നതെന്നും ശേഖരപ്പ പറഞ്ഞു.
പ്രീ-യൂണിവേഴ്‌സിറ്റി കോഴ്‌സിൽ (പിയുസി) നവീൻ 97 ശതമാനം മാർക്ക് നേടി. എന്നിട്ടും അവന് സംസ്ഥാനത്ത് മെഡിക്കൽ സീറ്റ് നേടാനായില്ല. ഇവിടെ മെഡിക്കൽ സീറ്റ് ലഭിക്കണമെങ്കിൽ കോടികൾ നൽകണം. എന്നാൽ വിദേശത്ത് പഠിക്കാൻ വളരെ കുറച്ച് തുകയേ ചെലവാകുന്നുള്ളു. അതാണ് ഒട്ടുമിക്ക വിദ്യാർഥികളും വിദേശത്തേക്ക് പഠനത്തിനായി പോകുന്നത്, ശേഖരപ്പ പറഞ്ഞു.
ഖാർകിവ് മെഡിക്കൽ കോളജിൽ നാലാം വർഷ വിദ്യാര്‍ഥിയായിരുന്നു 21കാരനായ നവീൻ. കറൻസി മാറുന്നതിനും ഭക്ഷണം വാങ്ങുന്നതിനുമായി ബങ്കറിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ഇയാൾ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസി എത്തിയില്ലെന്ന് ശേഖരപ്പ നേരത്തെ ആരോപിച്ചിരുന്നു.
ALSO READ: ഇന്ത്യൻ പൗരര്‍ക്ക് പോളണ്ട് അതിർത്തിയിൽ പുതിയ പ്രവേശന മാര്‍ഗം ; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി
ശേഖരപ്പയെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. നവീന്‍റെ മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി ശേഖരപ്പയ്‌ക്ക് ഉറപ്പുനൽകി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നവീന്‍റെ കുടുംബവുമായി സംസാരിച്ചിരുന്നു.