ഭുവനേശ്വർ : 2023ലെ പുരുഷ ഹോക്കി ലോകകപ്പ് ഇന്ത്യ നേടിയാൽ ടീമംഗങ്ങൾക്ക് ഒരു കോടി രൂപ വീതം പാരിതോഷികം നൽകുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. റൂർക്കേലയിലെ ബിർസ മുണ്ട ഹോക്കി സ്റ്റേഡിയം കോംപ്ലക്‌സിൽ ലോകകപ്പ് വില്ലേജ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ടീമിലെ താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ താരങ്ങൾ ഒഡിഷ സർക്കാരിനെ പ്രശംസിക്കുകയും ഹോക്കിക്കായി നൽകുന്ന സംഭാവനകളിൽ നന്ദി അറിയിക്കുകയും ചെയ്‌തു. രാജ്യത്തിന് ബഹുമതികൾ കൊണ്ടുവരാൻ ഇന്ത്യൻ ടീമിന് സാധിക്കുമെന്നും താരങ്ങളെ കാണാനും സംവദിക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്നും നവീൻ പട്‌നായിക്കും അറിയിച്ചു.
ഒൻപത് മാസം എന്ന റെക്കോഡ് കാലയളവിനുള്ളിലാണ് ലോകകപ്പ് വില്ലേജിന്‍റെ പണികൾ പൂർത്തിയാക്കിയത്. ലോകകപ്പിന് അനുയോജ്യമായ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 225 മുറികളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ടീം അംഗങ്ങൾക്കും അവരോടൊപ്പമെത്തുന്ന ഒഫീഷ്യലുകൾക്കുമാണ് ഇവിടെ താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ജനുവരി 13 മുതൽ 29 വരെ ഒഡിഷയിലെ ഭുവനേശ്വറിലും റൂർക്കേലയിലുമായാണ് പുരുഷ ഹോക്കി ലോകകപ്പ് നടക്കുക. ഉദ്‌ഘാടന മത്സരത്തിൽ സ്‌പെയിനാണ് ഇന്ത്യയുടെ എതിരാളികൾ.