ഹവേരി (കര്‍ണാടക): ഖാര്‍കീവില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശി നവീന്‍റെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് എംബസി ജോയിന്‍റ് ഡയറക്‌ടർ നിമേഷ് ഭാനോട്ട്. നവീന്‍റെ സഹോദരന്‍ ഹര്‍ഷിനെ നിമേഷ് ഭാനോട്ട് ഫോണില്‍ വിളിച്ച് ഇക്കാര്യം ഉറപ്പുവരുത്തി. യുക്രൈനിലെ നിലവിലെ സ്ഥിതിഗതികൾ ഭാനോട്ട് വിശദീകരിച്ചു.
നവീന്‍റെ ഭൗതികാവശിഷ്‌ടങ്ങള്‍ തിരികെ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് നിമേഷ് ഭാനോട്ട് പറഞ്ഞു. യുക്രൈനിലെ സ്ഥിതിഗതികൾ മോശമായതിനെ തുടർന്നാണ് മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ വൈകുന്നത് ഖാർകീവിലെ ഒരു പ്രാദേശിക ആശുപത്രിയിൽ നവീന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണെന്നും ഭാനോട്ട് വ്യക്തമാക്കി.
Also read: Operation Ganga | യുക്രൈനില്‍ നിന്ന് 806 ഇന്ത്യക്കാര്‍ കൂടി അഭയ തീരത്ത്
സൈനിക സംഘട്ടനങ്ങളിൽ മരിച്ചവരെ സംബന്ധിച്ച് അന്താരാഷ്‌ട്ര മാനുഷിക നിയമത്തിൽ നിരവധി വ്യവസ്ഥകളുണ്ട്. 1949ലെ ജനീവ കൺവെൻഷന്‍റെ ആർട്ടിക്കിൾ 17 മൂന്നാം ഖണ്ഡികയിൽ ഇത് സംബന്ധിച്ച് ചില നിയമങ്ങളുണ്ട്. സായുധ സംഘട്ടനങ്ങളിൽ, ഒരു ഔദ്യോഗിക ഗ്രേവ് രജിസ്ട്രേഷൻ സേവനം സ്ഥാപിക്കും. ഇതിന് പുറമേ മരിച്ചയാളുടെ മൃതദേഹം സാധ്യമായ ഗതാഗതത്തിലൂടെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകും. ഭൗതികാവശിഷ്‌ടത്തിനും ഈ വ്യവസ്ഥകൾ ബാധകമായിരിക്കും.
കർണാടകയിലെ ഹവേരി സ്വദേശിയായ നവീൻ ഖാർകീവ്, നാഷണൽ മെഡിക്കൽ സര്‍വകലാശാലയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു. ഭക്ഷ്യ സാധനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി ക്യൂ നില്‍ക്കുന്നതിനിടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.