തിരുവനന്തപുരം: രാജ്യത്താദ്യമായി വനിത സാമാജികരുടെ വിപുലമായ സമ്മേളനം (National Women Legislator's Conference) സംഘടിപ്പിക്കാൻ കേരള നിയമസഭ. പാർലമെൻ്റിലെയും വിവിധ സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളായ വനിതകളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുക. മേയ് 26, 27 തീയതികളിൽ നിയമസഭ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.
പാർലമെൻ്റിലെ ഇരുസഭകളിലെയും വനിത മന്ത്രിമാർ, വിവിധ നിയമസഭകളിലെ വനിത സ്‌പീക്കർമാർ, ഡെപ്യൂട്ടി സ്‌പീക്കർമാർ, വനിത സാമാജികർ എന്നിവരാണ് സമ്മേളനത്തിലെ പ്രതിനിധികൾ. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ, മാധ്യമ രംഗത്തെയും ജുഡീഷ്യറിയെയും പ്രതിനിധീകരിക്കുന്ന പ്രമുഖ വനിതകൾ വിവിധ സെഷനുകളിൽ സംസാരിക്കും.
ഭരണഘടനയും വനിതകളുടെ അവകാശവും എന്ന ആദ്യ സെഷനിൽ ഗുജറാത്ത് നിയമസഭ സ്‌പീക്കർ നിമ ബെൻ ആചാര്യ, ലോക്‌സഭാംഗം കനിമൊഴി, മുൻ ലോക്‌സഭ സ്‌പീക്കർ മീര കുമാർ, മുൻ രാജ്യസഭാംഗം ബൃന്ദ കാരാട്ട് തുടങ്ങിയവർ സംസാരിക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വനിതകളുടെ പങ്ക് എന്ന രണ്ടാം സെഷനിൽ ലോക്‌സഭാംഗം സുപ്രിയ സുലെ, രാജ്യസഭാംഗം ജെബി മേത്തർ, മുൻ എംപി സുഭാഷിണി അലി എന്നിവർ സംസാരിക്കും.
രണ്ടാം ദിവസം നടക്കുന്ന വനിതകളുടെ അവകാശവും നിയമപരമായ പഴുതുകളും എന്ന വിഷയത്തിൽ പശ്ചിമബംഗാളിലെ വനിത ശിശു വികസന മന്ത്രി ശഷി പഞ്ചാ, കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് അനു ശിവരാമൻ, ജയ ബച്ചൻ എം പി, ഡൽഹി നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ രാഖി ബിർള എന്നിവർ സംസാരിക്കും.
തീരുമാനമെടുക്കുന്ന സഭകളിൽ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവ് എന്ന വിഷയത്തിൽ ഉത്തരാഖണ്ഡ് നിയമസഭ സ്‌പീക്കർ റിതു ഖണ്ഡൂരി, മുൻ എം പിയും തെലുങ്കാന എംഎൽസിയുമായ കവിത കൽവ കുന്തല, നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറി ആനി രാജ എന്നിവർ സംസാരിക്കും.
സമാപന സമ്മേളനം ലോക്‌സഭ സ്‌പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ പങ്കെടുക്കാൻ www.pod.niyamasabha.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ആസാദി കാ അമൃത് മഹോത്സവം പരിപാടിയുടെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്ത് ആദ്യമായി ഇത്തരത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദിച്ചതായി സ്‌പീക്കർ എംബി രാജേഷ് പറഞ്ഞു.