ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഇഡിക്ക് മുൻപാകെ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി. നാഷണൽ ഹെറാൾഡ് പത്രം, യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കഴിഞ്ഞ ദിവസം ഇഡി നോട്ടിസ് അയച്ചിരുന്നു. സോണിയ ഗാന്ധിയോട് ജൂൺ എട്ടിനും രാഹുൽ ഗാന്ധിയോട് ജൂൺ 2നും ഹാജരാകണമെന്നാണ് ഇഡി അയച്ച നോട്ടിസിൽ പറയുന്നത്.
നിലവിൽ വിദേശത്തുള്ള രാഹുൽ ഗാന്ധി ജൂൺ അഞ്ചിനേ രാജ്യത്ത് മടങ്ങിയെത്തുകയുള്ളൂ. അതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ജൂൺ 5ന് ശേഷമുള്ള തീയതി ചോദിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മെയ് 20 മുതൽ 23 വരെ ലണ്ടനിൽ നടന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മെയ് 19നാണ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയത്.
നടപടിയെ അപലപിച്ച് കോൺഗ്രസ് : ഇഡിയുടെ നോട്ടിസിന് പിന്നാലെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്‌ട്രീയ എതിരാളികളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ബ്രിട്ടീഷുകാരുടെ ക്രൂരതകളെ കോൺഗ്രസ് ഭയപ്പെടാത്തപ്പോൾ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പാര്‍ട്ടിയെയും ഭയപ്പെടുത്താൻ ഇഡിയുടെ നോട്ടിസുകൾക്ക് കഴിയില്ലെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്‌തു.
ഇരുനേതാക്കളും ഇഡിക്ക് മുൻപാകെ ഹാജരാകുമെന്നും ഇത്തരം തന്ത്രങ്ങൾക്ക് മുൻപിൽ പതറില്ലെന്നും പാർട്ടിയുടെ മുതിർന്ന വക്താവ് അഭിഷേക് മനു സിങ്‌വി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും അന്വേഷണത്തിന് അർഹതയില്ലെന്നും സിങ്‌വി കൂട്ടിച്ചേർത്തു.
Also Read: നാഷണൽ ഹെറാൾഡ്: രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ്
കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡില്‍ നിന്ന് ഹെറാള്‍ഡ് ഹൗസും സ്വത്തുക്കൾ ഏറ്റെടുത്തതാണ് കേസിന് ആധാരമായ സംഭവം. നാഷണല്‍ ഹെറാള്‍ഡിന് നേരത്തെ 90 കോടി രൂപ കോണ്‍ഗ്രസ് വായ്‌പയായി അനുവദിച്ചിരുന്നു. എന്നാല്‍ 2000 കോടി രൂപ ആസ്‌തിയുള്ള ഹെറാള്‍ഡിന്‍റെ സ്വത്തുക്കള്‍ 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരിയുള്ള യങ് ഇന്ത്യ കമ്പനി സ്വന്തമാക്കിയെന്നാണ് ആരോപണം.
2013ല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി നേരത്തെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുൻ ഖാര്‍ഗെ, പവന്‍ ബന്‍സല്‍ എന്നിവരെ ഇഡി ചോദ്യം ചെയ്‌തിരുന്നു.
കേസില്‍ മറുപടി ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹി കോടതി സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ സ്വാമിയുടെ പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വിശദീകരണം. സ്വാതന്ത്യ്ര സമരകാലത്ത് നെഹ്‌റുവാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം ആരംഭിക്കുന്നത്. കോണ്‍ഗ്രസിന്‍റെ മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ പ്രവര്‍ത്തനം 2008ല്‍ നിലച്ചിരുന്നു. ഇതിന് ശേഷമാണ് യങ് ഇന്ത്യ, പത്രം ഏറ്റെടുക്കുന്നത്.