ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇത് അഞ്ചാം തവണയാണ് കേസില്‍ രാഹുൽ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകുന്നത്. അതേസമയം കേസിൽ സോണിയ ഗാന്ധി വ്യാഴാഴ്‌ച ഇ.ഡിക്ക് മുമ്പിൽ ഹാജാരാകില്ല.
സമയം നീട്ടി കിട്ടാൻ സോണിയ ഇ.ഡിയോട് ആവശ്യപ്പെടും. കൊവിഡ് മൂലം ചികിത്സയിൽ കഴിയുന്ന സോണിയ്‌ക്ക് ഡോക്‌ടർമാർ രണ്ടാഴ്‌ചത്തെ വിശ്രമം നിർദേശിച്ച പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി സോണിയ ഗാന്ധിക്ക് നോട്ടീസ് നല്‍കിയിരുന്നു
കഴിഞ്ഞ തിങ്കളാഴ്‌ച മുതല്‍ ബുധനാഴ്‌ച വരെ തുടർച്ചയായി രാഹുലിനെ ഇ.ഡി. ചോദ്യം ചെയ്‌തിരുന്നു. നാല് ദിവസങ്ങളിലായി 40 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്‌തത് ഇന്നലെ മാത്രം 10 മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യൽ. പിന്നീട് കൊവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോണിയ ഗാന്ധിക്കൊപ്പം കഴിയാൻ ഇഡി അദേഹത്തിന് ഇളവ് അനുവദിച്ചിരുന്നു. തുടർന്നാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്‍റെ ബാധ്യതകളും ഓഹരികളും സോണിയാഗാന്ധിയും രാഹുലും ഡയറക്‌ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. പ്രധാനമായും അന്വേഷിക്കുന്നത്.