അഹമ്മദാബാദ്: ഗുജറാത്തിലെ നരോദഗാം കൂട്ടക്കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട് പ്രത്യേക കോടതി. ഗുജറാത്ത് വംശഹത്യക്കിടെ മുസ്‌ലിം സമുദായത്തിലെ 11 പേരെ കൊലപ്പെടുത്തിയതാണ് കേസ്. ബിജെപി മുന്‍ മന്ത്രി മായ കോദ്‌നാനിയും മുൻ ബജ്റംഗ്‌ദള്‍ നേതാവ് ബാബു ബജ്റംഗിയും ഉൾപ്പെടെയുള്ള പ്രതികളെയാണ് ഗുജറാത്തിലെ പ്രത്യേക കോടതി വെറുതെവിട്ടത്. 2002 ഫെബ്രുവരി 28നാണ് അഹമ്മദാബാദ് നഗരത്തിലെ നരോദഗാമില്‍ കൂട്ടക്കൊല നടന്നത്.
66 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. കേസില്‍ ആകെ 84 പ്രതികളുണ്ടായിരുന്നു. ഇതില്‍ 18 പേരും വിചാരണയ്‌ക്കിടെ മരിച്ചു. വിചാരണ വേളയിൽ 182 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്‌തരിച്ചത്. ഗോധ്ര ട്രെയിൻ കത്തിച്ചതിൽ പ്രതിഷേധിച്ച് നടന്ന ബന്ദിലാണ് കൂട്ടക്കൊല നടന്നത്. കൂട്ടക്കൊല നടന്ന് എട്ടുവർഷത്തിന് ശേഷമാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. 13 വർഷത്തിനിടെ ആറ് ജഡ്‌ജിമാരാണ് ഈ കേസില്‍ വാദം കേട്ടത്.
മായ കോദ്‌നാനി വനിത - ശിശുക്ഷേമ മന്ത്രിയായിരിക്കെയാണ് ഗുജറാത്തില്‍ വംശഹത്യയുണ്ടായത്. കോദ്‌നാനിക്ക് അനുകൂലമായി കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ കോടതിയിൽ മൊഴി നൽകിയത് ശ്രദ്ധേയമായിരുന്നു. കൂട്ടക്കൊലയിൽ മായ കോദ്‌നാനിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് കുറ്റവിമുക്തയാക്കുകയായിരുന്നു. സംശയത്തിന്‍റെ ആനുകൂല്യത്തിലായിരുന്നു ഈ നടപടി.