ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭാ പുനസംഘടന ചര്‍ച്ചകള്‍ സജീവം. മന്ത്രിസഭയിലെ ഓരോ അംഗത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തിവരികയാണെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി അദ്ദേഹം വിഷയത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദി മന്ത്രിസഭയിലെ അഴിച്ചുപണി. രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയിലെ ആദ്യ പുനസംഘടനയാണ് നടക്കാന്‍ പോകുന്നത്. ആദ്യ മോദി മന്ത്രിസഭ മൂന്ന് തവണ പുനസംഘടിപ്പിച്ചിരുന്നു.
പ്രധാന വകുപ്പുകളില്‍ മാറ്റമില്ല ; ജോതിരാദിത്യ സിന്ധ്യ പട്ടികയില്‍
ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ മാറ്റമുണ്ടാകില്ല. പുതിയ പട്ടികയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജോതിരാദിത്യ സിന്ധ്യയ്‌ക്ക് മന്ത്രിസ്ഥാനമുണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
Read More: മോദി 2.0; ചരിത്രപരമായ നേട്ടങ്ങൾ നിറഞ്ഞതെന്ന് അമിത് ഷാ
കഴിഞ്ഞ വര്‍ഷമാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയെ അധികാരത്തില്‍ കൊണ്ടുവരാന്‍ സിന്ധ്യ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
സുവേന്ദു അധികാരിക്ക് ഇടം കിട്ടിയേക്കും
സിന്ധ്യയ്‌ക്ക് പുറമേ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുവേന്ദു അധികാരി, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീൽ മോദി, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍, ജെഡിയു നേതാക്കളായ രാജീവ് രഞ്ജന്‍ സിംഗ്, രാമചന്ദ്ര പ്രസാദ് സിംഗ് എന്നിവരും പട്ടികയിലുണ്ട്.
ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലേക്ക് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കാനാണ് സാധ്യത.