ഗ്വാളിയോര്‍ (മധ്യപ്രദേശ്): റെയില്‍വേയുടെ കനത്ത അനാസ്ഥ വെളിപ്പെടുന്ന തരത്തിലുള്ള വാര്‍ത്തയാണ് ഗ്വാളിയോറില്‍ നിന്ന് പുറത്തുവരുന്നത്. ഗംഗാനഗര്‍ - നന്ദേഡ് എക്‌സ്‌പ്രസ് ഗ്വാളിയോറില്‍ നിന്ന് ഝാന്‍സിയിലേക്ക് പുറപ്പെട്ടത് ഗാര്‍ഡ് ഇല്ലാതെ (Nanded Express Runs Without Guard) എന്നതാണ് ഈ വാര്‍ത്ത. റെയില്‍വേയെ സംബന്ധിച്ച് കൃത്യമായ നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്തരമൊരു 'വിചിത്ര' സംഭവം.
ട്രെയിനിലെ ഗാര്‍ഡ്, ലോക്കോ പൈലറ്റിന് വാക്കി ടോക്കി വഴി സന്ദേശം കൈമാറുകയും വിസില്‍ മുഴക്കുകയും പച്ചക്കൊടി വീശുകയോ പച്ച വെളിച്ചം തെളിയിക്കുകയോ ചെയ്‌തതിന് ശേഷം മാത്രം ട്രെയിന്‍ നീങ്ങണമെന്ന് നിയമം. എന്നാല്‍, ഗാര്‍ഡിനെ തന്നെ കൂട്ടാതെ ട്രെയിന്‍ പുറപ്പെട്ടുവെന്ന ഈ സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ത് ?: സെപ്‌റ്റംബര്‍ ആറ്, സമയം പുലര്‍ച്ചെ 3.44. ട്രെയിന്‍ നമ്പര്‍ 12,486, ഗംഗാനഗര്‍ - നന്ദേഡ് എക്‌സ്‌പ്രസ് ഗ്വാളിയോര്‍ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിച്ചേര്‍ന്നു. ട്രെയിനിലെ ഗാര്‍ഡ് സഗീര്‍ അഹമ്മദ് ലഗേജ് ബോഗി തുറന്ന് പാഴ്‌സല്‍ ഇറക്കുകയായിരുന്നു. ഇതിനിടെ ട്രെയിന്‍ നീങ്ങിത്തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട ഗാര്‍ഡ്, എഞ്ചിന്‍ ഡ്രൈവര്‍ ഹാഷിം ഖാനെ വാക്കി ടോക്കിയില്‍ വിവരം അറിയിച്ചു. എന്നാല്‍ ട്രെയിന്‍ നിര്‍ത്തിയില്ല.
ഗാര്‍ഡ് പിന്നാലെ ഓടിനോക്കിയെങ്കിലും ട്രെയിന്‍ നിര്‍ത്തിക്കാന്‍ അയാള്‍ക്ക് സാധിച്ചില്ല. മണിക്കൂറില്‍ 40 കിലോമീറ്റര്‍ ആണ് ട്രെയിനിന്‍റെ വേഗത. സ്റ്റേഷനിലൂടെ ഗാര്‍ഡ് ഓടുന്നതുകണ്ട ആളുകള്‍ ആദ്യം പരിഭ്രാന്തരായെങ്കിലും പിന്നീട് വിവരം അറിഞ്ഞതോടെ റെയില്‍വേയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയുണ്ടായി.
പിന്നാലെ വിവരം കണ്‍ട്രോള്‍ റുമിലും എത്തി. ഗാര്‍ഡില്ലാതെ ട്രെയിന്‍ ഓടുന്നത് കണ്‍ട്രോളര്‍മാരെയും യഥാര്‍ഥത്തില്‍ ഞെട്ടിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ട്രെയിന്‍ ദബ്ര സ്റ്റേഷനില്‍ നിര്‍ത്തി. ദബ്രയില്‍ സ്റ്റോപ്പ് ഇല്ലാത്ത ട്രെയിനാണ് ഗംഗാനഗര്‍ - നന്ദേഡ് എക്‌സ്‌പ്രസ്. പിന്നാലെ വന്ന മറ്റൊരു ട്രെയിനില്‍ ഗാര്‍ഡും ദബ്രയിലെത്തിയിരുന്നു. ദബ്രയില്‍ നിന്ന് ഗാര്‍ഡ്, ഗംഗാനഗര്‍ - നന്ദേഡ് എക്‌സ്‌പ്രസില്‍ കയറുകയും ഝാന്‍സിയിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തുകയും ചെയ്‌തു.
ഗാര്‍ഡ് നിര്‍ദേശം നല്‍കാതെ ട്രെയിന്‍ എടുക്കാന്‍ എഞ്ചിന്‍ ഡ്രൈവര്‍ക്ക് സാധ്യമല്ലെന്നിരിക്കെ ഇത്തരമൊരു സംഭവം ഉണ്ടായത് വലിയ വിമര്‍ശനത്തിന് വഴിവച്ചിട്ടുണ്ട്. ഇതോടെയാണ് സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ അപകടങ്ങളും ട്രെയിനിന് നേരെയുള്ള ആക്രമണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എഞ്ചില്‍ ലോക്കോപൈലറ്റിന്‍റെ അശ്രദ്ധ വെളിവാക്കുന്ന ഇത്തരമൊരു സംഭവം കൂടുതല്‍ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്.