നന്ദമൂരി ബാലകൃഷ്‌ണയും അർജുൻ രാംപാലും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന പുതിയ സിനിമയുടെ ടൈറ്റില്‍, നിര്‍മാതാക്കള്‍ പുറത്തുവിട്ടു. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിനൊപ്പം ടൈറ്റില്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്‌ണന്‍. 'ഭഗവന്ത് കേസരി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
നേരത്തെ എന്‍ബികെ 108 എന്നായിരുന്നു ചിത്രത്തിന് താത്‌കാലികമായി പേരിട്ടിരുന്നത്. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് നന്ദമൂരി ടൈറ്റില്‍ പോസ്‌റ്റര്‍ പങ്കുവച്ചത്. ഭഗവന്ത് കേസരി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നന്ദമൂരി ബാലകൃഷ്‌ണ അവതരിപ്പിക്കുന്നത്.
'ഐ ഡോണ്ട് കെയര്‍' എന്ന ടാഗ് ലൈനോടു കൂടിയാണ് പോസ്‌റ്റര്‍ പുറത്തിറങ്ങിയത്. ടൈറ്റില്‍ പോസ്റ്ററില്‍ ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്‌തംഭവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുട്ടുക്കുത്തി ആക്രോശത്തോടെ നിലത്ത് ആയുധം കുത്തിയിറക്കുന്ന താരത്തെയാണ് പോസ്‌റ്ററില്‍ കാണാനാവുക.
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് പോസ്‌റ്ററില്‍ നന്ദമൂരി ബാലകൃഷ്‌ണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്രൗൺ കളർ കുർത്തയും പാന്‍റ്‌സുമാണ് താരം ധരിച്ചിരിക്കുന്നത്. കഴുത്തില്‍ ഒരു സ്‌കാര്‍ഫും ചുറ്റിയിട്ടുണ്ട്.
പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തൊട്ടുമുമ്പാണ് നന്ദമൂരി ബാലകൃഷ്‌ണയുടെ ആക്ഷന്‍ പാക്ക്‌ഡ് പോസ്‌റ്റര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. പിറന്നാള്‍ ആഘോഷങ്ങള്‍ക്കിനി രണ്ട് ദിവസങ്ങള്‍ കൂടി മാത്രം. ജൂണ്‍ 10നാണ് നന്ദമൂരിയുടെ ജന്മദിനം. ആരാധകരും നിര്‍മാതാക്കളും മറ്റ് ചില സര്‍പ്രൈസുകളും താരത്തിന്‍റ ജന്മദിനത്തില്‍ പ്ലാന്‍ ചെയ്‌തിട്ടുണ്ട്.
കാജൽ അഗർവാൾ ആണ് ചിത്രത്തില്‍ നന്ദമൂരിയുടെ നായികയായെത്തുന്നത്. തെലുങ്ക് നടി ശ്രീലീലയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോളിവുഡ് താരം അർജുൻ രാംപാലിന്‍റെ ടോളിവുഡ് അരങ്ങേറ്റം കൂടിയാണ് ചിത്രം.
എസ് തമൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. തമ്മി രാജു എഡിറ്റിങും സി റാം പ്രസാദ് ഛായാഗ്രഹണവും നിർവഹിക്കും. രാജീവൻ ആണ് പ്രൊഡക്ഷൻ ഡിസൈനര്‍. വി വെങ്കട്ട് ആക്ഷൻ കൊറിയോഗ്രാഫിയും നിര്‍വഹിക്കും.
അനിൽ രവിപുടിയാണ് സിനിമയുടെ സംവിധാനം. ഷൈൻ സ്‌ക്രീൻസിന്‍റെ ബാനറിൽ സാഹു ഗരപതിയും ഹരീഷ് പെഡ്ഡിയും ചേർന്നാണ് നിര്‍മാണം. നിലവില്‍ ഹൈദരാബാദിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഭഗവന്ത് കേസരിയെ വിജയദശമി (ദസറ) റിലീസായി തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്നത്.
നന്ദമൂരി ബാലകൃഷ്‌ണയ്‌ക്ക് തെലുങ്കില്‍ ആരാധകര്‍ ഏറെയാണ്. 'വീരസിംഹ റെഡ്ഡി' ആയിരുന്നു താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. പ്രദര്‍ശന ദിനം മുതല്‍ മികച്ച കലക്ഷനാണ് 'വീരസിംഹ റെഡ്ഡി'ക്ക് ലഭിച്ചത്.
ചിത്രത്തില്‍ ഹണി റോസും ശ്രുതി ഹാസനുമായിരുന്നു നായികമാര്‍. ഹണി റോസിന്‍റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് 'വീരസിംഹ റെഡ്ഡി'. സിനിമയില്‍ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
സിനിമയുടെ വിജയത്തോടെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും മലയാളി താരം ഹണി റോസ് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇതോടെ ഹണി റോസിന് നിരവധി ഓഫറുകളും ലഭിച്ചു. ഹണി റോസിന്‍റെ അടുത്ത പ്രൊജക്‌ടും നന്ദമൂരി ബാലകൃഷ്‌ണയ്‌ക്കൊപ്പം ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സിനിമയിലെ ഹണി റോസിന്‍റെ പ്രകടനത്തെ നന്ദമൂരിയും പ്രശംസിച്ചിരുന്നു. മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ഹണി റോസ് എന്നായിരുന്നു നന്ദമൂരി ഹണി റോസിനെ കുറിച്ച് പറഞ്ഞത്. വലിയൊരു ഭാവി നടിയെ കാത്തിരിക്കുന്നു എന്നും നന്ദമൂരി ബാലകൃഷ്‌ണ പറഞ്ഞിരുന്നു.