ന്യൂഡല്‍ഹി: 'നമസ്‌തേ ഗ്യാങി'ലെ രണ്ടുപേരെ ഷാഹ്ദര മേഖലയില്‍വെച്ച് അറസ്‌റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ്. പ്രദേശത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടത്തിയ മോഷണ കേസുകളില്‍ ഉള്‍പ്പെട്ടവരെ നേരിയ മല്‍പ്പിടുത്തത്തിനൊടുവിലാണ് ഡല്‍ഹി പൊലീസ് അറസ്‌റ്റ് ചെയ്തത്. പിടികൂടുന്നതിനിടക്ക് ഇവരില്‍ ഒരാള്‍ക്ക് വെടിയേറ്റതായും പൊലീസ് അറിയിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഫ്സല്‍ (32), ഷാഹിദ് (43) എന്നിവരെയാണ് സംഭവത്തെത്തുടര്‍ന്ന് പൊലീസ് അറസ്‌റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ ഷാഹിദിനാണ് പിടികൂടുന്നതിനിടെ വെടിയേറ്റത്. സംഘത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്: പ്രഭാത നടത്തത്തിനായി ഇറങ്ങുന്നവര്‍ക്ക് ഈ സംഘത്തിലുള്ളവര്‍ 'നമസ്‌തേ' പറയും. തുടര്‍ന്നാണ് ഇവരില്‍ നിന്ന് മോഷ്‌ടിക്കുക. ചൊവ്വാഴ്ച (02.08.2022) മാത്രം ഷാഹ്ദര പ്രദേശത്ത് ഇത്തരത്തില്‍ മൂന്ന് സംഭവങ്ങളുണ്ടായി.
ലഭിച്ച പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഷാഹ്ദര പൊലീസ് സ്‌റ്റേഷനിലെ പ്രത്യേക സംഘത്തിലുള്ള ഉദ്യോഗസ്ഥന്‍ വിവേക് വിഹാറിലുള്ള വിവേകാനന്ദ് കോളജ് പരിസരത്തേക്ക് പുലര്‍ച്ചെ നാല് മണിക്ക് തന്നെ പുറപ്പെട്ടു. മോഷണസംഘം എത്തിയപ്പോള്‍ ഇതു സൂചിപ്പിച്ച് മറ്റു പൊലീസുകാര്‍ക്ക് വിവരം നല്‍കി. ഇതിനിടയില്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മോഷണസംഘം പൊലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രതിരോധത്തിനായി പൊലീസ് തിരിച്ചും വെടിയുതിര്‍ത്തു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടതിനാല്‍ മാത്രമാണ് പൊലീസുകാരില്‍ ഒരാള്‍ അപായമേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. നമസ്‌തേ ഗ്യാങിലെ രണ്ടുപേര്‍ മാത്രമാണ് പിടിയിലായിരിക്കുന്നതെന്നും, സംഘത്തിലെ കൂടുതല്‍ പേര്‍ പ്രദേശത്ത് തന്നെ സജീവമാണെന്നും പൊലീസ് പറഞ്ഞു. ഇവരും അധികം വൈകാതെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.