റാഞ്ചി: ജാർഖണ്ഡിൽ കൊലപാതക ലക്ഷ്യത്തോടെ യുവാവിന്‍റെ കാലിൽ ആണി അടിച്ചെന്നാരോപിച്ച് പരാതി. തിങ്കളാഴ്‌ച മെറൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശി ബസ്‌റുദ്ദീനാണ് പരുക്കേറ്റത്.
മൂന്ന് ദിവസം മുൻപ് ബസ്റുദ്ദീന്‍റെ മകനും പ്രതിയുടെ മകനും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പിന്നീട് തിങ്കളാഴ്‌ച ബസറുദ്ദീനെ അജ്ഞാതർ ബൈക്കിൽ തട്ടിക്കൊണ്ടുപോയി മർദിക്കുകയും കാലിൽ ആണിയടിക്കുകയുമായിരുന്നു. ബോധം നഷ്‌ടപ്പെട്ട ബസറുദ്ദീനെ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുകയും ചെയ്‌തു.
കാലിന് ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശിപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കേസിൽ പൊലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്.