ന്യൂഡല്‍ഹി : മേഘാലയയില്‍ 76.66 ഉം നാഗാലാന്‍ഡില്‍ 84.66 ഉം ശതമാനം പോളിങ്ങ്. ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്. 59 നിയമസഭ മണ്ഡലങ്ങളിലേക്കായിരുന്നു മേഘാലയയില്‍ പോളിങ്.
ഉച്ചയ്‌ക്ക് ഒരു മണി വരെ 44.73 ശതമാനം രേഖപ്പെടുത്തിയ പോളിങ് വൈകിട്ട് മൂന്ന് മണിയായപ്പോഴേക്കും 63.91 ശതമാനത്തിലെത്തിയിരുന്നു. ഇവിടെ നിശ്ചിത സമയം അവസാനിക്കുമ്പോള്‍ 76.66 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 3,419 പോളിങ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടന്നത്.
സംസ്ഥാനത്തെ മുന്‍ ആഭ്യന്തര മന്ത്രിയും യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യുഡിപി) സ്ഥാനാര്‍ഥിയുമായ എച്ച്ഡിആര്‍ ലിങ്ദോയുടെ മരണത്തെ തുടര്‍ന്ന് സോഹിയോങ് നിയമസഭ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. 10.99 ലക്ഷം സ്‌ത്രീകളും 10.68 ലക്ഷം പുരുഷന്മാരുമടക്കം 21 ലക്ഷത്തിലധികം പേരാണ് മേഘാലയയില്‍ വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ ബഹുകോണ മത്സരമാണ് മേഘാലയില്‍ നടക്കുന്നത്.
നാഗാലാന്‍ഡിന്‍റെ വോട്ടുനില : 60 നിയമസഭ മണ്ഡലങ്ങളുണ്ടെങ്കിലും നാഗാലാന്‍ഡില്‍ 59 ഇടത്തേക്കായിരുന്നു പോളിങ്. ഒരു മണ്ഡലത്തില്‍ ബിജെപി നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്ഥാനത്ത് 2351 പോളിങ് സ്റ്റേഷനുകളിലായി 13,17,632 പേര്‍ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് 59 മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ് നടക്കുന്നത്.
സംസ്ഥാനത്ത് 2018 ല്‍ 60 സീറ്റുകളില്‍ 12 എണ്ണത്തില്‍ വിജയിച്ച ബിജെപി എന്‍ഡിപിയുമായി (നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്. സീറ്റ് വിഭജന കരാര്‍ പ്രകാരം ബിജെപി 20 സീറ്റുകളിലും എന്‍ഡിപി 40 ഇടങ്ങളിലും ഇറങ്ങുന്നു. ഇത്തവണ നാഗാലാന്‍ഡില്‍ മത്സരിക്കുന്നവരില്‍ നാല് വനിത സ്ഥാനാര്‍ഥികളുമുണ്ട്.
കനത്ത പോളിങ് : ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്‌ത്രീകളും കന്നി വോട്ടര്‍മാരുമടക്കം പോളിങ് ബൂത്തിന് മുന്നില്‍ കാത്ത് നിന്നിരുന്നു. വോട്ടെടുപ്പിനിടെ കാര്യമായ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലും ഏതാനും ചില പോളിങ് ബൂത്തുകളില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇവിഎം) തകരാറിലായെന്നതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ല.
ബിജെപി, കോൺഗ്രസ്, നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), തൃണമൂൽ കോൺഗ്രസ് എന്നീ നാല് ദേശീയ പാര്‍ട്ടികള്‍ ഉൾപ്പടെ 13 കക്ഷികള്‍ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. 36 സ്‌ത്രീ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെ 369 പേരാണ് പോരാട്ടരംഗത്ത് അണിനിരന്നത്. നാഗാലാന്‍ഡിലെയും മേഘാലയയിലെയും തെരഞ്ഞെടുപ്പ് ഇത്തവണ ബിജെപിക്ക് കനത്ത വെല്ലുവിളിയാണെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്നിവരുള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടായിരുന്നു. ഫെബ്രുവരി 16ന് വോട്ടെടുപ്പ് നടന്ന ത്രിപുരയിലേതടക്കം മൂന്നിടങ്ങളിലെ വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിന് നടക്കും.