ചെന്നൈ: സ്വാതന്ത്ര്യ സമരസേനാനിയും സിപിഎമ്മിന്‍റെ സ്ഥാപക നേതാക്കളിലൊരാളുമായ എന്‍ ശങ്കരയ്യ (102) അന്തരിച്ചു. രാവിലെ ഒമ്പതരയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
ആശുപത്രിയില്‍ നിന്ന് മൃതദേഹം ക്രോംപെട്ടിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിച്ചു. ടി നഗറിലെ പാര്‍ട്ടി ആസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യമുണ്ടാകും.
യാത്രയായത് വി എസ് അച്യുതാനന്ദനൊപ്പം 1964 ഏപ്രില്‍ 11ന് സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങി വന്ന് സിപിഎം രൂപീകരിച്ച നേതാക്കളിലൊരാൾ. 1967, 77, 80 വര്‍ഷങ്ങളില്‍ തമിഴ്‌നാട് നിയമസഭാംഗമായിരുന്ന എൻ ശങ്കരയ്യ ദീര്‍ഘകാലം സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയുമായിരുന്നു.
ശങ്കരയ്യയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുളള പ്രമുഖ നേതാക്കള്‍ എത്തി.
അനുശോചിച്ച് പിണറായി വിജയൻ: ശങ്കരയ്യയുടേത് ചരിത്രപരവും ത്യാഗനിർഭരവുമായ നേതൃശൈലി ആയിരുന്നുവെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിസ്വാർത്ഥവും ചരിത്രപരവും ത്യാഗനിർഭരവുമായിരുന്നു എൻ. ശങ്കരയ്യയുടെ നേതൃശൈലി. ഏറ്റവും വൈഷമ്യമായ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ വേണ്ട പ്രചോദനം നൽകുന്നതായിരുന്നു അത്. അതീവ ദുഃഖകരമാണ് ശങ്കരയ്യയുടെ വേർപാട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി വ്യാപിച്ചു നിന്ന സഖാവിന്റെ ജീവിതം ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ തന്നെ പര്യായമാണ്. ഉന്നതവിദ്യാഭ്യാസം അപൂർണ്ണമാക്കി സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടിയതു മുതൽക്കിന്നോളം വ്യക്തിതാത്പര്യത്തിനു മേലെ പാർട്ടിയുടെയും ജനങ്ങളുടെയും താല്പര്യത്തെ ഉയർത്തിപ്പിടിച്ചതായിരുന്നു ശങ്കരയ്യയുടെ ജീവിതം. ആ ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാർഗനിർദ്ദേശകവും വറ്റാത്ത പ്രചോദനത്തിന്റെ ഉറവയുമായിരുന്നു എന്ന് പിണറായി വിജയൻ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.