അമരാവതി : ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി (തെലുഗു ദേശം പാര്‍ട്ടി) നേതാവുമായ എന്‍ ചന്ദ്രബാബു നായിഡു അഴിമതി കേസില്‍ അറസ്റ്റില്‍ (N Chandrababu Naidu Arrest). 2021ല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് പൊലീസ് നടപടി. ആന്ധ്രാപ്രദേശ് സ്‌കില്‍ ഡെവലപ്പ്മെന്‍റ് അഴിമതി കേസില്‍ (AP Skill Development Case) ചന്ദ്രബാബുവിന് നേരത്തെ അറസ്റ്റ് വാറണ്ട് നല്‍കിയിരുന്നെന്നും അതനുസരിച്ചാണ് നിലവില്‍ തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നുമാണ് സംഭവത്തില്‍ പൊലീസ് നല്‍കുന്ന വിശദീകരണം.
ഇന്ന് പുലര്‍ച്ചെയാണ് നന്ദ്യാല്‍ പൊലീസ് ടിഡിപി അധ്യക്ഷന്‍ കൂടിയായ ചന്ദ്രബാബുവിനെ കസ്റ്റഡിയിലെടുത്തത്. നാടകീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു മുന്‍ മുഖ്യമന്ത്രിക്കെതിരായ അന്വേഷണ സംഘത്തിന്‍റെ നടപടി. നന്ദ്യാല്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റും ചേര്‍ന്നാണ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുത്തത്.
അന്വേഷണ സംഘം എത്തിയപ്പോള്‍ ആര്‍കെ ഹാളിന് പുറത്ത് തന്‍റെ കാരവാനില്‍ വിശ്രമത്തിലായിരുന്നു ചന്ദ്രബാബു നായിഡു. അതേസമയം, ടിഡിപി അധ്യക്ഷന്‍റെ അറസ്റ്റില്‍ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘം എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ വാഹനത്തിന് പുറത്ത് തടിച്ചുകൂടുകയും പ്രതിഷേധിക്കുകയുമായിരുന്നു.
കേസില്‍ നേരത്തെ, പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ ചന്ദ്രബാബു നായിഡുവിന്‍റെ പേരില്ലെന്നും അതുകൊണ്ട് അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവുകള്‍ തങ്ങള്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നെന്നാണ് പൊലീസ് വാദം.
നിയമവിരുദ്ധമായാണ് ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തതെന്നാണ് അഭിഭാഷകരുടെ ആരോപണം. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച എഫ്‌ഐആറില്‍ തന്‍റെ പേരില്ലാതെ എങ്ങനെ കസ്റ്റഡിയിലെടുക്കുമെന്ന് ചന്ദ്രബാബു നായിഡുവും പൊലീസിനോട് ചോദിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുന്‍പ് തനിക്ക് ആ രേഖകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, അറസ്റ്റിന് ശേഷം 24 മണിക്കൂറിനുള്ളില്‍ മുഴുവന്‍ രേഖകളും നല്‍കുമെന്നാണ് പൊലീസ് ചന്ദ്രബാബു നായിഡുവിനോട് പറഞ്ഞിരിക്കുന്നത്.
അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ആന്ധ്ര സ്‌കില്‍ ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി 250 കോടിയുടെ അഴിമതി നടത്തിയെന്നാണ് കേസ്. പദ്ധതിക്കായി 3,350 കോടിയുടെ കരാറായിരുന്നു സര്‍ക്കാര്‍ 2015ല്‍ ജര്‍മന്‍ കമ്പനിയുമായി ഒപ്പിട്ടത്. ഈ തുകയില്‍ നിന്നും ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടം തുക വകമാറ്റിയെന്നാണ് ആരോപണം.