അമരാവതി: ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്ക് 1.02 കോടി രൂപ സംഭവാന ചെയ്‌ത് മുസ്‌ലിം ദമ്പതികള്‍. ചെന്നൈ സ്വദേശികളായ അബ്‌ദുല്‍ ഗനിയും നുബിന ബാനുവുമാണ് സംഭാവന നല്‍കിയത്. ഇന്നലെയാണ് (സെപ്റ്റംബര്‍ 20) ടിടിഡി (തിരുമല തിരുപ്പതി ദേവസ്ഥാനം) എക്‌സിക്യൂട്ടീവ് ഓഫിസർ ധർമ്മ റെഡ്ഡിക്ക് ദമ്പതികള്‍ ചെക്ക് കൈമാറിയത്.
കൈമാറിയ തുകയില്‍ 15 ലക്ഷം രൂപ അന്നപ്രസാദം ട്രസ്റ്റിനുള്ളതാണ്. ഈ തുക ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് അന്നദാനം നടത്തുന്നതിനായി ചെലവഴിക്കും. ബാക്കി തുകയായ 87 ലക്ഷം രൂപ ശ്രീ പത്മാവതി ഗസ്റ്റ് ഹൗസിലെ അടുക്കളയിലേക്ക് ഫര്‍ണീച്ചറുകളും സാധനങ്ങളും വാങ്ങുന്നതിന് വിനിയോഗിക്കും.
കൊവിഡ് മഹാമാരി സമയത്ത് ക്ഷേത്ര പരിസരത്ത് അണുനാശിനി തളിക്കാൻ മൾട്ടി-ഡൈമൻഷണൽ ട്രാക്ടർ ഘടിപ്പിച്ച സ്പ്രേയറും ക്ഷേത്രത്തിലേക്ക് പച്ചക്കറിയെത്തിക്കുന്നതിനുള്ള റഫ്രിജറേറ്റര്‍ ട്രക്കിനായി 35 ലക്ഷം രൂപയും നേരത്തെ അബ്‌ദുല്‍ ഗനി സംഭാവന ചെയ്‌തിരുന്നു.