ന്യൂഡല്‍ഹി: മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്‍റെ പ്രവര്‍ത്തനത്തില്‍ ഗുരുതര തകരാറെന്ന് ഉപയോക്താക്കള്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ ട്വിറ്ററിന്‍റെ ഔദ്യോഗിക മെയിലുകളോ ഗ്രൂപ്പ് ചാറ്റുകളോ കൈകാര്യം ചെയ്യാനോ സാധ്യമല്ല. കൂടാതെ, ഇന്‍റര്‍നെറ്റും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ്.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് നവീകരണത്തിന്‍റെ ഭാഗമായാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉപയോക്താക്കള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. മാത്രമല്ല മസ്‌കിന്‍റെ രീതിയില്‍ ആഗോള തലത്തെ കൊള്ളയടിക്കുവാനുള്ള ശ്രമങ്ങളാണിതെന്നും വിമര്‍ശനമുയരുന്നുണ്ട്.
മസ്‌ക് ചുമതലയേറ്റെടുത്തതിനെ തുടര്‍ന്ന് നിരവധി ജീവനക്കാര്‍ക്ക് ജോലി നഷ്‌ടമായിരുന്നു. ഇനിയും കൂടുതല്‍ ജീവനക്കാരുടെ ജേലി നഷ്‌ടമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജോലി നഷ്‌ടമായവര്‍ തങ്ങളുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ലെന്ന് ഐഎഎന്‍എസ് പറഞ്ഞു.
തങ്ങളുടെ ജോലിയെ ബാധിച്ചിട്ടുണ്ടെങ്കില്‍ കമ്പനിയില്‍ നിന്നും തുടര്‍നടപടികള്‍ ചൂണ്ടികാട്ടി തങ്ങള്‍ക്ക് വ്യക്തിഗത ഇമെയില്‍ ലഭിക്കേണ്ടതാണെന്ന് ജീവനക്കാര്‍ പ്രതികരിച്ചു. എന്നാല്‍, ജോലിയില്‍ നിന്ന് വിട്ടുപോരുമ്പോള്‍ ലഭിക്കേണ്ട വേര്‍പിരിയല്‍ വേതനത്തെക്കുറിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ട്വിറ്ററിന്‍റെ ഗ്രൂപ്പ് ചാറ്റുകളും മന്ദഗതിയിലായതിനാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താന്‍ സാധിച്ചിരുന്നില്ല എന്ന് ജോലി നഷ്‌ടമായ ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു.
'ഞങ്ങളെ പിരിച്ചുവിട്ട നടപടി മനുഷ്യത്വമില്ലായ്‌മയാണ്. നിരവധി വര്‍ഷങ്ങള്‍ ഞങ്ങള്‍ ട്വിറ്ററില്‍ ജോലി ചെയ്‌തിട്ട് യാതൊരു മുന്നറിയിപ്പുമില്ലാതെ ഇലോണ്‍ മസ്‌ക് അധികാരമേറ്റെടുത്തപ്പോള്‍ ഞങ്ങളെ പറഞ്ഞുവിട്ടുവെന്ന്' ട്വിറ്ററിന്‍റെ മുന്‍ ജീവനക്കാര്‍ ഐഎഎന്‍എസിനോട് പ്രതികരിച്ചു. എന്നാല്‍, ഇപ്പോഴും ട്വിറ്ററില്‍ തുടരുന്ന ജീവനക്കാര്‍ അടുത്ത ഘട്ടത്തില്‍ തങ്ങളുടെ ജോലി നഷ്‌ടമാകുമോ എന്ന ഭയത്തിലാണ്. മസ്‌കിന്‍റെ ഉദ്ദേശം മനസില്‍ വച്ചുകൊണ്ട് ഏത് സമയവും ഒരു രണ്ടാംഘട്ട പിരിച്ചുവിടല്‍ പ്രതീക്ഷിക്കാവുന്നതാണ്.
7600 ജീവനക്കാരെ പകുതിയായി വെട്ടിക്കുറച്ച് 3800 എന്ന സംഖ്യയില്‍ എത്തിനില്‍ക്കുകയാണ്. ട്വിറ്റര്‍ ഓഫിസില്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ ബാഡ്‌ജ് ഉപയോഗിച്ച് താത്‌കാലികമായി പ്രവര്‍ത്തിക്കുവാന്‍ സാധ്യമല്ല.
'ഓരോ ജീവനക്കാരുടെയും ട്വിറ്റര്‍ സംവിധാനങ്ങളുടെയും ഉപഭോക്താക്കളുടെ സുരക്ഷയേയും മാനിച്ചുകൊണ്ട് ഞങ്ങളുടെ ഓഫിസ് താത്‌കാലികമായി അടയ്‌ക്കുകയാണ്. ജീവനക്കാര്‍ക്ക് ബാഡ്‌ജ് ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. നിങ്ങള്‍ ഓഫിസിലോ അല്ലെങ്കില്‍ ഓഫിസിലേക്കുള്ള വഴിയിലോ ആണെങ്കില്‍ ദയവായി വീട്ടിലേക്ക് മടങ്ങുക' എന്ന് ഇന്‍റേണല്‍ മെമോയില്‍ ട്വിറ്റര്‍ പ്രസ്‌താവിച്ചു.