പനാജി (ഗോവ): നാലുവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ നിർണായക തെളിവുകള്‍ കണ്ടെത്തി. കൊലപ്പെടുത്തി മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച ബാഗിൽ നിന്ന് ഗോവ പൊലീസ് കുറിപ്പ് കണ്ടെടുത്തു. ടിഷ്യൂവിൽ ഐലൈനർ കൊണ്ടെഴുതിയ നിലയിലുള്ള കുറിപ്പാണ് പൊലീസിന് ലഭിച്ചത്. കൊലപാതകത്തിന്‍റെ പ്രേരണയെക്കുറിച്ചും പ്രതിയായ സുചന സേഥിന്‍റെ മാനസികാവസ്ഥയിലേക്കും വെളിച്ചം വീശുന്ന നിർണായക തെളിവായാണ് പൊലീസ് കുറിപ്പിനെ കാണുന്നത്.
മകനെ വേർപിരിയാനും ഭർത്താവിന് വിട്ട് നല്‍കാനും പ്രതി തയ്യാറല്ലെന്ന് കുറിപ്പിൽ പറയുന്നു. തന്‍റെ ഭർത്താവിന് അക്രമാസക്തമായ പെരുമാറ്റമാണെന്നും മകന്‍റെ മുന്നിൽ നല്ല മാതൃക കാട്ടിയില്ലെന്നും അവർ ആരോപിക്കുന്നു. 2022 മുതൽ സേഥും ഭർത്താവും തമ്മിലുള്ള വിവാഹമോചന നടപടികൾ നടന്നുവരികയാണ്.
കുറിപ്പ് വിശദമായി പഠിച്ചുവരികയാണെന്നും പ്രതിയുടെ കൈയക്ഷരം എടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്‌ചകളിൽ മകനെ കാണാൻ ഭർത്താവിനെ അനുവദിച്ച കോടതി വിധിയിൽ യുവതിക്ക് അതൃപ്‌തിയുള്ളതായും കുട്ടിയുടെ പൂർണ സംരക്ഷണം സേഥ് ആഗ്രഹിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സേഥിനെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കൂടാതെ മാനസികാവസ്ഥ പരിശോധിക്കാൻ മനഃശാസ്‌ത്ര പരിശോധനകൾ നടത്തിയിരുന്നു. സേഥ് ജനുവരി 6 ന് ചെക്ക്-ഇൻ ചെയ്‌ത ഗോവയിലെ ഹോട്ടൽ മുറിയിലേക്ക് അന്വേഷണത്തിന്‍റെ ഭാഗമായി കുറ്റകൃത്യങ്ങളുടെ രംഗം പുനഃസൃഷ്‌ടിക്കുന്നതിനായി അവരെ കൊണ്ടുപോകുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മുറിയിൽ നിന്ന് രണ്ട്, ഒഴിഞ്ഞ സിറപ്പ് കുപ്പികൾ പൊലീസ് ഇതിനകം കണ്ടെടുത്തിട്ടുണ്ട്, കൊലപ്പെടുത്തുന്നതിന് മുമ്പ് കുട്ടിക്ക് ഉയർന്ന അളവിൽ മരുന്ന് നൽകിയതായി സംശയിക്കുന്നു. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മർദ്ദനത്തിന്‍റെ ലക്ഷണങ്ങൾ ഇല്ലായിരുന്നു. മുറിയിൽ ഉണർന്ന് നോക്കിയപ്പോൾ മകനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് സേഥ് ആദ്യം പൊലീസിനോട് പറഞ്ഞത്. തിങ്കളാഴ്‌ച രാത്രി കർണാടകയിലേക്കുള്ള യാത്രാമധ്യേയാണ് സേഥിന്‍റെ അറസ്റ്റ് നടന്നത്.
സംഭവം ഇങ്ങനെ : ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റാര്‍ട്ട്അപ്പ് സ്ഥാപകയും സിഇഒയുമാണ് സുചന സേഥ്. നോർത്ത് ഗോവയിലെ കണ്ടോലിമിലെ സർവീസ് അപ്പാർട്ട്‌മെന്‍റിൽ സുചന മകനൊപ്പം മുറിയെടുത്തിരുന്നു. ഇവിടെവച്ചാണ് മകനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനുശേഷം മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് യാത്ര ചെയ്യവെയാണ് ഇവരെ പിടികൂടുന്നത്.
യുവതി ചെക് ഔട്ട് ചെയ്‌തശേഷം ഇവർ താമസിച്ച മുറി വൃത്തിയാക്കുന്നതിനിടെ അപാര്‍ട്ട്മെന്‍റ് ജീവനക്കാരിലൊരാള്‍ ചോരക്കറ കണ്ടെത്തിയതാണ് നിർണായകമായത്. തുടര്‍ന്ന് ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു. ഗോവ പൊലീസെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് കണ്ടെത്തി.
ALSO READ: നാലുവയസുകാരന്‍റെ സംസ്‌കാര ചടങ്ങിൽ പൊട്ടികരഞ്ഞ് പിതാവ്; ബംഗളൂരു ഓഫീസിൽ പരിശോധന നടത്തി ഗോവ പൊലീസ്
ഇതോടെ യുവതി ബെംഗളൂരുവിലേക്ക് തിരിച്ച ടാക്‌സി ഡ്രൈവറെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടു. മകനെ ഗോവയിലെ സുഹൃത്തിന്‍റെ അടുത്താക്കിയെന്ന് യുവതി അറിയിച്ചെങ്കിലും ഇത് കള്ളമാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ വീണ്ടും ഡ്രൈവറെ വിളിച്ച പൊലീസ് ഏറ്റവും അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് യുവതിയെ എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.