ബീഹാര്‍/നളന്ദ: ആള്‍മാറാട്ട കേസില്‍ 41 വര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷം ശിക്ഷ വിധിച്ച് കോടതി. ബിഹാറിലെ നളന്ദ ജില്ല കോടതി ജഡ്‌ജി മന്‍വേന്ദ്ര മിശ്രയാണ് ദയാനന്ദ് ഗോസെയിന്‍ എന്നയാള്‍ക്ക് 3 വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. നളന്ദ ജില്ലയിലെ മുര്‍ഗാവന്‍ ഗ്രാമത്തിലെ ജന്‍മിയായിരുന്ന കാമേശ്വര്‍ സിങ്ങിന്‍റെ സ്വത്ത് കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്‍റെ മകനായി ദയാനന്ദ് ഗോസെയിന്‍ ആള്‍മാറാട്ടം നടത്തി എന്നാണ് കേസ്.
കേസിന്‍റെ ചരിത്രം: കാമേശ്വര്‍ സിങ്ങിന്‍റെ മകനായ കനയ്യ സിങ്ങിനെ മെട്രിക്കുലേഷന് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് 1977ല്‍ കാണാതാവുന്നതോടെയാണ് കേസിന്‍റെ ചരിത്രം ആരംഭിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ സ്വത്തിന്‍റെ അവകാശിയായ കനയ്യ സിങ്ങിന്‍റെ തിരോധാനം ഗ്രാമത്തില്‍ വലിയ ചര്‍ച്ചയായി. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ഒരു സന്യാസി ആ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെടുന്നു.
താന്‍ കാമേശ്വര്‍ സിങ്ങിന്‍റെ മകന്‍ കനയ്യയാണ് എന്ന് നാട്ടുകാരോട് ഈ സന്യാസി പറയുന്നു. ഈ അവകാശവാദവുമായി നാട്ടുകാരോടൊപ്പം ഇയാള്‍ കാമേശ്വര്‍ സിങ്ങിന്‍റെ വസതിയിലേക്ക് പോകുന്നു. എന്നാല്‍ കാമേശ്വര്‍ സിങ്ങിന്‍റെ മകളായ രാമ്സഖി ദേവി ഇയാളെ തന്‍റെ സഹോദരനായി അംഗീകരിക്കാന്‍ തയ്യാറായില്ല.
കേസില്‍ ഉറച്ച് നിന്ന് സഹോദരി: രാമ്സഖി ദേവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 1981ല്‍ ഇയാള്‍ക്കെതിരെ സ്വത്ത് അപഹരണ ലക്ഷ്യത്തോടെ ആള്‍മാറാട്ടം നടത്തിയതിന് സിലവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ ഇയാള്‍ ബിഹാറിലെ ലഖായി ഗ്രാമത്തില്‍ നിന്നുള്ള ദയാനന്ദ ഗൊസെയിനാണെന്ന് പൊലീസ് കണ്ടെത്തുന്നു. കേസില്‍ കനയ്യ സിങ്ങിന്‍റെ മറ്റ് ആറ് സഹോദരിമാര്‍ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല.
എന്നാല്‍ രാമ്‌സഖി ദേവി കേസുമായി മുന്നോട്ട് പോകുകയായിരുന്നു. കേസ് ഒരു വേള സുപ്രീംകോടതിയില്‍ വരെ എത്തി. എന്നാല്‍ സുപ്രീംകോടതി കേസ് വിചാരണക്കോടതിയിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 420,419, 120 എന്നീവകുപ്പുകള്‍ പ്രകാരമാണ് ദയാനന്ദ ഗൊസെയിനെ കോടതി ശിക്ഷിച്ചത്.