കച്ച് (ഗുജറാത്ത്) : മുന്ദ്ര തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്‌ട്ര വിപണിയിൽ 500 കോടി രൂപ വിലവരുന്ന 56 കിലോ കൊക്കെയ്‌ൻ, കണ്ടെയ്‌നറിൽ നിന്നും ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് പിടികൂടി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിദേശരാജ്യത്ത് നിന്നും മുന്ദ്ര തുറമുഖത്ത് എത്തിയ കണ്ടെയ്‌നർ ഡിആർഐ ഉദ്യോഗസ്ഥരുടെ സംഘം പരിശോധിക്കുകയായിരുന്നു.
കണ്ടെയ്‌നറിലെ വസ്‌തുക്കൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 56 കിലോ കൊക്കെയ്‌ൻ. ഒരു മാസം മുൻപ് കച്ച് ജില്ലയിലെ കാണ്ട്‌ല തുറമുഖത്തിന് സമീപമുള്ള കണ്ടെയ്‌നർ സ്‌റ്റേഷനിൽ നടത്തിയ റെയ്‌ഡില്‍ 1300 കോടി രൂപ വിലമതിക്കുന്ന 260 കിലോ ഹെറോയിൻ ഡിആർഐ പിടികൂടിയിരുന്നു. 2021 സെപ്റ്റംബറിനും ഒക്‌ടോബറിനും ഇടയിൽ ഇറാനിൽ നിന്ന് കാണ്ട്‌ല തുറമുഖത്ത് എത്തിയ 17 കണ്ടെയ്‌നറുകളിൽ ഒന്നിൽ നിന്നാണ് ഹെറോയിൻ കണ്ടെടുത്തത്.
നേരത്തെ ഇറാനിൽ നിന്ന്, അംറേലി ജില്ലയിലെ പിപാവാവ് തുറമുഖത്ത് എത്തിയ ഷിപ്പിങ് കണ്ടെയ്‌നറിൽ നിന്ന് 450 കോടി രൂപ വിലമതിക്കുന്ന 90 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തിരുന്നു. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ഡിആർഐയും ചേർന്നാണ് 90 കിലോഗ്രാം ഹെറോയിൻ പിടികൂടിയത്.