ന്യൂഡല്‍ഹി: മുംബൈ തീവ്രവാദി ആക്രമണത്തിന്‍റെ സൂത്രധാരന്‍ ഹഫിസ് മുഹമ്മദ് സയ്യിദിന്‍റെ മകന്‍ ഹഫിസ് തല്‍ഹ സയ്യിദിനെ തീവ്രവാദിയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. യുഎപിഎ(Unlawful Activities (Prevention) Act, 1967) നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഹഫിസ് തല്‍ഹ സയ്യിദ് ലഷ്‌കര്‍ ഇ ത്വയ്യിബയുടെ പുരോഹിത വിഭാഗത്തിന്‍റെ തലവനാണ്.
ലഷ്‌കര്‍ ഇ ത്വയ്യിബയുടെ ഇന്ത്യയിലേയും അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയുമുള്ള ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് തല്‍ഹ സയ്യിദാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. തല്‍ഹയുടെ പിതാവ് ഹഫിസ് സയ്യിദിനെ പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി 31 വര്‍ഷം ശിക്ഷിച്ച അതെ ദിവസം(8.04.2022) തന്നെയാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ഉത്തരവ് വരുന്നത് എന്നതും ശ്രദ്ധേയമാണ്.
പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ ത്വയ്യിബ ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യ, ഇസ്രയേല്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കെതിരെ ജിഹാദ് നടത്തണമെന്നുള്ള ആഹ്വാനം തല്‍ഹ സയിദ് നല്‍കി കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കുന്നതിന് വേണ്ടി യുഎപിഎ നിയമം ഭേദഗതി ചെയ്‌തത് 2019 ഓഗസ്റ്റിലാണ്. അതിന് മുമ്പ് സംഘടനകളെ മാത്രമെ തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ നിയമത്തില്‍ വകുപ്പുണ്ടായിരുന്നുള്ളൂ. 2020 ജൂലായിയില്‍ ഒമ്പത് വ്യക്തികളെ തീവ്രവാദികളായി യുഎപിഎ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. 2019 സപ്റ്റംബറില്‍ നാല് പേരെയാണ് തീവ്രവാദികളായി പ്രഖ്യാപിച്ചത്: മൗലാന മസൂദ് അസര്‍ (ജയ്‌ഷെ മുഹമ്മദ് തലവന്‍), ഹഫീസ് സയ്യിദ്(ലഷ്‌കര്‍ ഇ ത്വയ്യിബ), സാക്കിയുര്‍ റഹ്‌മാന്‍ ലഖ്‌വി(ലഷ്‌കര്‍ ഇ ത്വയ്യിബ), ദവൂദ് ഇബ്രാഹിം.