മുംബൈ: ജനുവരി 29 മുതൽ മുംബൈ സബർബൻ ശൃംഖലയിലെ എല്ലാ ട്രെയ്‌നുകളും ഓടിത്തുടങ്ങുമെന്ന് റെയിൽവെ അറിയിച്ചു. സബർബൻ ശൃംഖലയിൽ നിലവിലുള്ള 2,781 സർവീസുകൾ 2,985 സർവീസുകളായി ഉയർത്തി എല്ലാ സബർബൻ സർവീസുകളും ആരംഭിക്കാനാണ് വെസ്റ്റേൺ റെയിൽവേയുടെയും സെൻട്രൽ റെയിൽവേയുടെയും തീരുമാനം.
നിലവിലുള്ള 1,580 സർവീസുകൾ 1,685 സർവീസുകളായി ഉയർത്താൻ സെൻട്രൽ റെയിൽവേയും 1,201 നിന്ന് 1,300 സർവീസുകളായി ഉയർത്താൻ വെസ്റ്റേൺ റെയിൽവേയും തീരുമാനിച്ചു. റെയിൽവേ മന്ത്രാലയവും മഹാരാഷ്ട്ര സർക്കാരും അനുവദിക്കുന്ന യാത്രക്കാരെ മാത്രമായിരിക്കും സബർബൻ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുക. മറ്റുള്ളവർ റെയിൽവേ സ്റ്റേഷനുകളിലേക്ക് എത്തരുതെന്നും റെയിൽവെ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കാനും യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.