മുംബൈ: Rapper Sania Mistry: റാപ്പർ സാനിയ മിസ്‌ത്രി ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. കഷ്‌ടപ്പാടിന്‍റെയും ദുരിതത്തിന്‍റെയും ഭീകരത പറയുന്ന അവളുടെ വരികള്‍ക്ക് ഇന്ന് ഭാഷയുടെ അതിരുകള്‍ക്കപ്പുറവും കേള്‍വിക്കാരുണ്ട്. എന്നാല്‍ ആ വരികളോരോന്നും കുഞ്ഞുനാള്‍ തൊട്ട് അവള്‍ കാണുന്ന, അനുഭവിക്കുന്ന അവളുടെ വേദനകളാണെന്ന് അവളെ ഹൃദയത്തോട് ചേര്‍ത്ത് ആരാധിക്കുന്ന പലര്‍ക്കും അറിയില്ല.
മുംബൈയിലെ ശിവാജി നഗറിലെ ഇടുങ്ങിയ തെരുവിലെ കുഞ്ഞുവീട്ടിലാണ് ഈ പതിനഞ്ചു വയസുകാരിയുടെ കുടുംബം കഴിയുന്നത്. ഓട്ടോ റിക്ഷ ഡ്രൈവറായ പിതാവിന്‍റെ തുച്ഛമായ വരുമാനത്തിലാണ് സാനിയയുടെ കുടുംബം കഴിഞ്ഞുപോകുന്നത്.
റാപ്പിനായി സാനിയക്ക് വരികള്‍ തേടി പോകേണ്ടി വന്നിട്ടില്ല. തന്‍റെ വീടിന്‍റെ കഷ്‌ടതയും ദാരിദ്ര്യവും പിന്നാക്കാവസ്ഥയും തന്‍റെ പ്രദേശത്തിന്‍റെ ദുരിതവും തന്നെയാണ് സാനിയ റാപ്പിലൂടെ പുറംലോകത്തേക്ക് എത്തിക്കുന്നത്.
ഒരു റാപ്പറാവുക എന്നത് അത്ര നിസാരമായ കാര്യമല്ല. അതും ഈ ചെറിയ പ്രായത്തില്‍. റാപ്പ് എന്താണെന്ന് പോലുമറിയാത്ത മനുഷ്യരുടെ തെരുവില്‍ നിന്നാണ് സാനിയ റാപ്പിന്‍റെ രാജകുമാരിയായി മാറിയത്. തന്‍റെ റാപ്പിലൂടെ മുംബൈയെയും രാജ്യത്തെയും പ്രശസ്‌തമാക്കുക എന്നതാണ് തന്‍റെ സ്വപ്‌നമെന്ന് ഇടിവി ഭാരതിനോട് സംസാരിക്കവെ സാനിയ പറഞ്ഞു.
ALSO READ: Omicron India: നൂറ് കടന്ന് രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍; അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം